| Friday, 6th November 2026, 10:22 am

രോഹിത്തിന്റെ ആ പരാമര്‍ശമാണ് സിറാജിനെ ഇത്രത്തോളം ബാധിച്ചത്; തുറന്നടിച്ച് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലെ സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ സിറാജിന് പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സിറാജിനോടുള്ള സമീപനത്തില്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.

സിറാജ് ഏറെ കാലം ടീമിലുള്ള താരമാണെന്നും എന്നാല്‍ കഴിഞ്ഞ 24 മാസത്തിനിടെ സിറാജ് വെറും ഏഴ് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഓള്‍ഡ് ബോളില്‍ സിറാജിന്റെ മികവ് കുറയുന്നുവെന്ന രോഹിത്തിന്റെ മുന്‍ കാല പരാമര്‍ശമാകാം സിറാജിനെ ഇത്രത്തോളം ബാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഹമ്മദ് സിറാജിനെക്കൊണ്ട് നമ്മള്‍ എന്താണ് ചെയ്യുന്നത്? ആ ചോദ്യത്തിന് മറുപടി പറയണം. അദ്ദേഹം ഒരു തുടക്കക്കാരനായ പേസറല്ല. ഏറെക്കാലമായി കളിക്കുന്ന താരമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് അദ്ദേഹം. വെറുതെ ടീമില്‍ ഇടംപിടിച്ചിരുന്ന ഒരാളല്ല. എന്നാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും കഴിഞ്ഞ 35 മാസത്തിനിടെ വെറും 10 മത്സരങ്ങളില്‍ മാത്രമാണ് സിറാജ് കളിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മാസത്തിനിടെ കളിച്ചത് വെറും ഏഴ് മത്സരങ്ങള്‍ മാത്രം.

വളരെക്കാലം മുമ്പ് രോഹിത് ശര്‍മ ക്യാപ്റ്റനായിരുന്ന സമയത്ത് ഒരു വാര്‍ത്താസമ്മേളനത്തില്‍ സിറാജിനെക്കുറിച്ച് അദ്ദേഹം ഒരു കാര്യം പറഞ്ഞിരുന്നു. ഓള്‍ഡ് ബോളില്‍ സിറാജിന്റെ വിക്കറ്റ് വീഴ്ത്താനുള്ള മികവ് കുറയുന്നുവെന്നായിരുന്നു അത്. ആ പരാമര്‍ശം സിറാജിനെ ഇത്രത്തോളം ബാധിച്ചുവെന്നാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് അത്ര നല്ല രീതിയിലല്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

രോഹിത് ശര്‍മയും മുഹമ്മദ് സിറാജും Photo: Cricinfo

അതേസമയം ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ കിവീസിനെ 42.2 ഓവറില്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടുതവണ മഴ വില്ലനായപ്പോള്‍ വിജയ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി ചുരുക്കുകയും 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു. നവംബര്‍ ഏഴിന് വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തിലാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരം.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.

ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡ

ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.

Content Highlight: Aakash Chopra Talking About Rohit Sharma And Mohammed Siraj

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more