ഇന്ത്യന്‍ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്തിന് പിന്തുണയുമായി ആകാശ് ചോപ്ര. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷബ് പന്തിനെ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണെന്നും ഇത് അനീതിയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പന്ത് ഒരു ഏകദിന മത്സരം മാത്രമാണ് കളിച്ചതെന്നും ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമായിരുന്നെങ്കിലും കളത്തിലിറങ്ങാന്‍ താരത്തിന് അവസരം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവന്റെ (റിഷബ് പന്ത്) ഭാവിയെക്കുറിച്ച് ടീം മാനേജ്‌മെന്റ് ഇതിനകം തന്നെ തീരുമാനമെടുത്തതായി തോന്നുന്നു. അത് അനീതിയാണെന്ന് തോന്നുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അവന്‍ ഒരു ഏകദിന മത്സരം മാത്രമാണ് കളിച്ചത്.
2025ലെ ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍, അവന്‍ ബെഞ്ചിലിരിക്കെ ഇന്ത്യ ടൂര്‍ണമെന്റ് വിജയിച്ചു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും അവന് കളിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍, പകരം ഋതുരാജ് ഗെയ്ക്വാദിനെ മധ്യനിരയില്‍ കളിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ ഏകദിന ടീമില്‍ നിന്ന് അവനെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അവനില്‍ നിന്ന് എടുത്തുമാറ്റി. അതിനാല്‍ അവനെ വ്യക്തമായി തരംതാഴ്ത്തിയതായി പറയാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് അനീതിയാണ്.
ഏകദിന ക്രിക്കറ്റില്‍ അവനെക്കുറിച്ച് ഒരു തീരുമാനത്തിലെത്താന്‍ ആവശ്യമായ അവസരങ്ങള്‍ തന്നെ നല്‍കിയിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ ഒരു മത്സരം മാത്രം കളിപ്പിച്ചത് മതിയായ അവസരമല്ല. അവന്‍ മതിയായ നിലവാരത്തിലുള്ള താരമല്ലെന്ന് നേരത്തെ തന്നെ തോന്നിയിരുന്നെങ്കില്‍, എന്തിനാണ് അവനെ ടീമിന്റെ പരിഗണനയില്‍ തന്നെ നിലനിര്‍ത്തിയത്?,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2024ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് പന്ത് അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ടി-20യിലും ലങ്കയ്‌ക്കെതിരെ 2024 ജൂലൈയിലായിരുന്നു താരത്തിന്റെ അവസാന മത്സരം. ഏകദിനത്തില്‍ 31 മത്സരങ്ങളിലെ 27 ഇന്നിങ്‌സില്‍ നിന്ന് 871 റണ്‍സാണ് പന്ത് നേടിയത്. ടി-20യില്‍ 76 മത്സരങ്ങളിലെ 66 ഇന്നിങ്‌സില്‍ നിന്ന് 1209 റണ്‍സും താരം നേടിയിട്ടുണ്ട്.
Content Highlight: Aakash Chopra Talking About Rishabh Pant