ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ച വെച്ച രാജസ്ഥാന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
ലേല സമയത്ത് ബിഷ്‌ണോയിക്ക് വളരെ കുറഞ്ഞ പണമായിരുന്നു ലഭിച്ചതെന്നും താരം 10 മുതല്‍ 11 കോടി രൂപ വരെ അര്‍ഹിച്ചിരുന്നു എന്നും ചോപ്ര പറഞ്ഞു. മാത്രമല്ല ഗുജറാത്തിനെതിരെ നാല് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി വലിയ മാറ്റമാണ് ബിഷ്‌ണോയി ഉണ്ടാക്കിയതെന്നും മുന്‍ താരം പറഞ്ഞു.
‘രവി ബിഷ്ണോയെക്കുറിച്ച് ലേല സമയത്ത് നമ്മള്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തെ വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത്. അതെ, ഏഴ് കോടി എന്നത് ഒരു കുറഞ്ഞ വിലതന്നെയാണ്. അദ്ദേഹത്തിന് 10-11 കോടി ലഭിക്കേണ്ടതായിരുന്നു.
ഏഴ് കോടിക്ക് രാജസ്ഥാന്റെ മികച്ച തെരഞ്ഞടുപ്പാണിത്. അദ്ദേഹം നാല് വിക്കറ്റുകള്‍ വീഴ്ത്തി വലിയ മാറ്റമാണ് കൊണ്ടുവന്നത്. കാരണം പ്രധാനപ്പെട്ട എല്ലാ വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലായിരുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റെടുത്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് രാജസ്ഥാന് രണ്ടാം വിജയം നേടിക്കൊടുത്തത്.
രാജസ്ഥനായി രവി ബിഷ്‌ണോയി നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍ സായ് സുദര്‍ശന്‍ (73), ഗ്ലെന്‍ ഫിലിപ്‌സ് (3), വാഷിങ്ടണ്‍ സുന്ദര്‍ (4), രാഹുല്‍ തെവാട്ടിയ (12) എന്നിവരുടെ വിക്കറ്റുകളാണ് ബിഷ്‌ണോയി വീഴ്ത്തിയത്.
മാത്രമല്ല മത്സരത്തിലെ താരവും ബിഷ്‌ണോയി ആയിരുന്നു. കൂടാതെ സീസണില്‍ല്‍ അഞ്ച് വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്റ്റ നേടാനും താരത്തിന് സാധിച്ചു. ബിഷ്‌ണോയിക്ക് പുറമെ നാന്ദ്രേ ബര്‍ഗര്‍, തുഷാര്‍ദേശ്പാണ്ഡെ റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Aakash Chopra Talking About Rajasthan Royals Spinner Ravi Bishnoi