| Tuesday, 16th June 2026, 7:35 pm

പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അവനെ പരിഗണിക്കാം: ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. കുല്‍ദീപ് യാദവിനെ കളിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്നും പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം പ്രിന്‍സ് യാദവിനെ പരിഗണിക്കാമെന്നും ചോപ്ര പറഞ്ഞു.

‘ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് തോന്നുന്നത്. മത്സരം 25 ഓവര്‍ മാത്രമായിരുന്നതിനാലാണ് ഹര്‍ഷ് ദുബെയെ കളിപ്പിച്ചതെന്ന് ആദ്യം കരുതിയിരുന്നു. എന്നാല്‍ അങ്ങനെയല്ല, കാരണം മത്സരത്തിന് തലേദിവസം തന്നെ ഹര്‍ഷ് ദുബെയെ കളിക്കുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ കുല്‍ദീപിനെ കളിപ്പിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നില്ല. ലഖ്‌നൗവിലും സമാന സ്വഭാവമുള്ള പിച്ചായിരിക്കുമെന്നതിനാല്‍ ആ തീരുമാനത്തില്‍ മാറ്റമുണ്ടാകാനും സാധ്യതയില്ല.

ഈ പിച്ചിലും ഗുര്‍ണൂര്‍ ബ്രാറിന് സഹായം ലഭിക്കാനിടയുണ്ട്. മാത്രമല്ല വേണമെങ്കില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം പ്രിന്‍സ് യാദവിനെ പരിഗണിക്കാം. പ്രസിദ്ധ് അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റും മുഴുവന്‍ ഐ.പി.എല്ലും കളിച്ചിട്ടുണ്ട്. മറുവശത്ത്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനായി ഈ മൈതാനത്ത് കളിച്ചിട്ടുള്ള പ്രിന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിന് അവസരം നല്‍കുന്നതിനെക്കുറിച്ച് ടീമിന് ആലോചിച്ചേക്കാം,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.prince Yadav

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ജൂണ്‍ 17നാണ് നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങുക. ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാവും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാന്‍ അഫ്ഗാനിസ്ഥാനും വിജയം അനിവാര്യമാണ്.

ധര്‍മശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു അഫ്ഗാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചു കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജൂണ്‍ 20നാണ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനം നടക്കുന്നത്. ചെന്നൈയിലെ എം. എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയായതിനാല്‍ ഇരുടീമുകളും ഈ സീരീസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Aakash Chopra Talking About Prince Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more