| Tuesday, 29th September 2026, 1:45 pm

അടുത്ത മത്സരത്തിന് അദ്ദേഹം അനുയോജ്യമായ തെരഞ്ഞെടുപ്പല്ല; ഇന്ത്യന്‍ താരത്തെ ഒഴിവാക്കണമെന്ന് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ താരം നമന്‍ ധീറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. നമന്‍ ധീറിനോട് തനിക്ക് വിരോധമില്ലെന്നും എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരം മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുള്ള ബര്‍സാപായിലാണെന്നും അതിനാല്‍ ധീര്‍ അനുയോജ്യമായ തെരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ധീറിന് പകരം മുഹമ്മദ് സിറാജിനെ കളിപ്പിച്ചുകൂടേ എന്നും അദ്ദേഹം ചോദിച്ചു.

‘ടോസ് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല, മാത്രമല്ല മഞ്ഞ് വീഴാന്‍ സാധ്യതയുള്ളതുമായ ഒരു സ്ഥലത്തേക്കാണ് നിങ്ങള്‍ പോകുന്നത്, അതിനാല്‍ എന്തുകൊണ്ട് മുഹമ്മദ് സിറാജിനെ കളിപ്പിച്ചുകൂടാ? നമന്‍ ധീറിനോട് എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ, അദ്ദേഹം ഒരു പാര്‍ട്ട്-ടൈം ബൗളര്‍ മാത്രമാണ്. വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറല്ല അദ്ദേഹം, പന്ത് നനഞ്ഞിരിക്കുകയാണെങ്കില്‍ പിന്നെ അദ്ദേഹം ഒരു ബൗളറേ അല്ലെന്നുതന്നെ പറയാം.

നമൻ ധിർ

അങ്ങനെയുള്ള സാഹചര്യത്തില്‍, നിങ്ങള്‍ പൂര്‍ണ സജ്ജരായ ബൗളര്‍മാരെത്തന്നെ ആശ്രയിക്കണം. നമന്‍ ധീര്‍ മികച്ച താരമാണെങ്കിലും, മഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ അടുത്ത മത്സരത്തിന് അദ്ദേഹം അനുയോജ്യമായ തെരഞ്ഞെടുപ്പല്ല. മാത്രമല്ല, 2027ലെ ഏകദിന ലോകകപ്പിനുള്ള ഒരു സാധ്യതയായും നിങ്ങള്‍ അദ്ദേഹത്തെ പരിഗണിക്കുന്നില്ലല്ലോ,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മത്സരത്തില്‍ നമന്‍ ധീര്‍ അഞ്ച് ഓവര്‍ എറഞ്ഞിരുന്നു. 33 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. 6.60 എന്ന എക്കോണമിയിലാണ് താരം ബാറ്റ് ചെയ്തത്.

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നാളെ (സെപ്റ്റംബര്‍ 30) ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ പരമ്പരയിലെ രണ്ടാം മത്സരം ഏറെ നിര്‍ംണായകമാണ്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. എട്ട് വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.

അതേസമയം 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്. മാത്രമല്ല ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ 10ാം സെഞ്ച്വറിയും വിരാടിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Aakash Chopra Talking About Naman Dhir

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more