| Monday, 19th October 2026, 10:27 pm

ഇന്ത്യന്‍ ടീം ഇനി രാഹുലിനെ പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല: ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍ ഇനി അന്താരാഷ്ട്ര ടി-20 ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. ഒരിക്കല്‍ അവസരം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ രാഹുലിന് കഴിഞ്ഞില്ലെന്നും ഇപ്പോള്‍ ആ സ്ഥാനം മറ്റൊരു താരം സ്വന്തമാക്കിയെന്നുമാണ് ചോപ്രയുടെ നിരീക്ഷണം. അതേസമയം, വേഗത്തില്‍ റണ്‍സ് നേടാനുള്ള രാഹുലിന്റെ കഴിവിനെ തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന്റെ ബാറ്റിങ് ശേഷിയില്‍ സംശയമില്ലെങ്കിലും ടി-20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഇനി അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് ചോപ്ര വിലയിരുത്തി. അതേസമയം, ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ രാഹുലിന്റെ പ്രാധാന്യം ഇപ്പോഴും വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു സമയത്ത് അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു, പക്ഷേ ആ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തിയില്ല. ഇപ്പോള്‍ ആ സ്ഥാനം മറ്റൊരാള്‍ സ്വന്തമാക്കിയിരിക്കുകയാണ്. കെ.എല്‍. രാഹുലിന് വേഗത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒരാള്‍ക്ക് 50-ഓളം പന്തുകളില്‍ നിന്ന് 150 റണ്‍സ് നേടാന്‍ കഴിയുമെങ്കില്‍, ആഗ്രഹിക്കുന്ന സമയത്ത് അത്തരത്തില്‍ ബാറ്റ് ചെയ്യാനും കഴിയും.

എന്നിരുന്നാലും, ഇന്ത്യന്‍ ടീം ഇനി രാഹുലിനെ പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുല്‍ വളരെ പ്രധാനപ്പെട്ട താരമാണ്. വാസ്തവത്തില്‍, ഇപ്പോള്‍ അദ്ദേഹം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും മാറിയിട്ടുണ്ട്. എന്നാല്‍ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇന്ത്യ ഇനി അദ്ദേഹത്തെ പരിഗണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 72 മത്സരങ്ങളിലെ 68 ഇന്നിങ്‌സില്‍ നിന്ന് 2265 റണ്‍സാണ് രാഹുല്‍ നേടിയത്. രണ്ട് സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറികളും താരത്തിനുമ്ടായിരുന്നു.

അതേസമയം, ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പരമ്പര സമനിലയിലായത്.

ഇനി ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ 22നാണ് അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം.

Content Highlight: Aakash Chopra Talking About K.L Rahul’s Future In T20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more