| Wednesday, 3rd June 2026, 7:16 pm

കോഹ്‌ലിയും ഗില്ലും വൈഭവുമല്ല... സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് അവന്റേത്; വമ്പന്‍ തെരഞ്ഞെടുപ്പുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു രജത് പാടിദാറും സംഘവും തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്.

ഇപ്പോള്‍ സീസണില്‍ ഏറ്റവും മികച്ച ഇന്നിങ്‌സ് ആരുടേതായിരുന്നു എന്ന് തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. രജത് പാടിദാറും ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും വൈഭവ് സൂര്യവംശിയും മികച്ച പ്രകടനം സീസണില്‍ പുറത്തെടുത്തിട്ടുണ്ടെങ്കിലും കെ.എല്‍ രാഹുലാണ് മികച്ച ഇന്നിങ്‌സ് കളിച്ചതെന്ന് ചോപ്ര പറഞ്ഞു.

‘മികച്ച ഇന്നിങ്‌സ്, അത് കെ.എല്‍. രാഹുലിന്റേതായിരിക്കണം. ഈ സീസണില്‍ നിരവധി അത്ഭുതകരമായ ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. ആദ്യ ക്വാളിഫയറില്‍ രജത് പാടിദാര്‍ പുറത്താകാതെ നേടിയ 93 റണ്‍സ്, രണ്ടാം ക്വാളിഫയറില്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി, ഫൈനലില്‍ വിരാട് കോഹ്‌ലിയുടെ 75 റണ്‍സ്. വൈഭവ് സൂര്യവംശിയുടെ ഇരട്ട 90കളും നമുക്ക് മറക്കാന്‍ കഴിയില്ല.

പക്ഷേ എനിക്ക്, സീസണിലെ ഏറ്റവും മികച്ച ഇന്നിങ്സ് രാഹുലിന്റേതായിരുന്നു, അവിടെ അദ്ദേഹം പുറത്താകാതെ 152 റണ്‍സ് നേടി. ടി-20 ഫോര്‍മാറ്റില്‍ ഏതൊരു ഇന്ത്യക്കാരനും നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്, അതിനാല്‍ അദ്ദേഹം എനിക്ക് ഒന്നാം സ്ഥാനത്താണ്,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു കെ.എല്‍ രാഹുല്‍ 152* റണ്‍സ് നേടി പുറത്താകാതെ നിന്നത്. 67 പന്തുകളില്‍ നിന്ന് 16 ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെയാണ് രാഹുല്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. മത്സരത്തില്‍ ദല്‍ഹി പഞ്ചാബിനെതിരെ 264 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ നേടിയെങ്കിലും ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ പഞ്ചാബ് വിജയലക്ഷ്യം മറികടന്നിരുന്നു.

അതേസമയം സീസണില്‍ രാഹുല്‍ ദല്‍ഹിക്ക് വേണ്ടി 14 മത്സരത്തില്‍ നിന്ന് 593 റണ്‍സാണ് നേടിയത്.

Content Highlight: Aakash Chopra Talking About K.L Rahul

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more