| Thursday, 12th November 2026, 10:21 pm

അവനേക്കാള്‍ വൈവിധ്യമാര്‍ന്ന ബാറ്ററെ കണ്ടെത്തുക ഇന്ത്യയ്ക്ക് പ്രയാസമായിരിക്കും; അഭിപ്രായവുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. വൈറ്റ് ബോള്‍ ക്രിക്കറ്റിലും 2027 ലോകകപ്പിലും രാഹുല്‍ ഇന്ത്യയുടെ നട്ടെല്ലാണെന്നാണ് ചോപ്ര പറഞ്ഞു. ടീമിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കാന്‍ കഴിയുന്ന ബാറ്ററാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ടീമിന്റെ കാഴ്ചപ്പാടില്‍, വൈറ്റ് ബോള്‍ ക്രിക്കറ്റിലും 2027 ലോകകപ്പിലും കെ.എല്‍. രാഹുല്‍ നമ്മുടെ നട്ടെല്ലാണെന്നാണ് ഞാന്‍ കരുതുന്നത്. ടീമിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കാന്‍ കഴിയുന്ന ബാറ്ററും അദ്ദേഹമായിരിക്കും. കാരണം, തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയും തിരിച്ചടികള്‍ നേരിടുകയും ചെയ്താല്‍, പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയിലെ സാഹചര്യത്തില്‍, അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിക്കുന്ന താരത്തിന്റെ ഉത്തരവാദിത്തം വര്‍ധിക്കും.

അവിടെയാണ് കെ.എല്‍. രാഹുലിന്റെ പ്രാധാന്യം. ഈ ഇന്ത്യന്‍ ടീമിനെ മാത്രമല്ല, ലോക ക്രിക്കറ്റിനെ തന്നെ പരിശോധിച്ചാലും രാഹുലിനേക്കാള്‍ വൈവിധ്യമാര്‍ന്ന ബാറ്ററെ കണ്ടെത്തുക പ്രയാസമായിരിക്കും. വേഗതയേറിയ പന്തുകള്‍, സ്വിങ്, സീം എന്നിവയെല്ലാം ഒരുപോലെ നേരിടാന്‍ അദ്ദേഹത്തിന് കഴിയും,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2027ലെ ഏകദിന ലോകകപ്പ് സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവിടങ്ങളിലാണ് നടക്കുക. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വലിയ തയ്യാറെടുപ്പിലാണ്. അതേസമയം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നാലാമത്തെ ഏകദിനം നാളെ (വെള്ളി) നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് രാഹുലും ക്യാപ്റ്റന്‍ ഗില്ലും കാംബോജും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മാറി നില്‍ക്കും.

Content Highlight: Aakash Chopra Talking About K.L Rahul

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more