| Tuesday, 8th September 2026, 1:17 pm

അന്ന് അവന്‍ വഴിതെറ്റിപ്പോയതുപോലെയായിരുന്നു; ഇഷാന്‍ കിഷനെക്കുറിച്ച് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര് ബാറ്റര്‍ ഇഷാന്‍ കിഷനെ പ്രശംസിച്ച് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ചോപ്ര കിഷനെക്കുറിച്ച് സംസാരിച്ചത്.

ഒരു ഘട്ടത്തില്‍ ടീമില്‍ നിന്ന് പുറത്തായതിന് ശേഷം തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും റെഡ്-ബോള്‍ ക്രിക്കറ്റിലും അതേ ആവേശത്തോടെയും താരം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘തിരിച്ചെത്തിയതിന് ശേഷം അവന്‍ തുടര്‍ച്ചയായി റണ്‍സ് നേടുകയാണ്. റെഡ്-ബോള്‍ ക്രിക്കറ്റിലും അതേ ആവേശത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് അവന്‍ കളിക്കുന്നത്. പ്രതിബദ്ധതയോടും ക്ഷമയോടുമാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ഈ ഫോര്‍മാറ്റില്‍ റണ്‍സ് നേടുന്നതിനുള്ള രീതികള്‍ അല്‍പ്പം വ്യത്യസ്തമാണ്. എന്നാല്‍ ഇഷാന്‍ അതിനെ ഒട്ടും നിസാരമായി കാണുന്നില്ല.

ഇഷാന്‍ കിഷന്റെ ജീവിതത്തില്‍ ഒരു ഘട്ടമുണ്ടായിരുന്നു. അന്ന് അവന്‍ വഴിതെറ്റിപ്പോയതുപോലെയായിരുന്നു. ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും മറ്റൊന്നില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും, അവന്‍ പറഞ്ഞിരുന്ന സമയമായിരുന്നു അത്,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇഷാന്‍ കിഷന്‍

അതേസമം ദുലീപ് ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണ്‍ തിലക് വര്‍മയുടെ സൗത്ത് സോണിനെ നേരിടുകയാണ്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടി ആദ്യ ഇന്നിങ്‌സില്‍ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്.

334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോണ്‍ താരം, ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റന്‍, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോര്‍ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാന്‍ കിഷന്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് അവസാനിപ്പിച്ചത്.

Content Highlight: Aakash Chopra Talking About Ishan Kishan

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more