| Monday, 6th July 2026, 2:15 pm

അദ്ദേഹത്തിന്റെ പേര് വീണ്ടും പരിഗണനയിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല; സൂപ്പര്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. റിഷബ് പന്ത് അസാധാരണ കഴിവുള്ള ക്രിക്കറ്ററാണെന്നും ടെസ്റ്റ് ക്രിക്കറ്റിലെ എക്‌സ് ഫാക്ടറുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേര് പോലും വീണ്ടും പരിഗണനയിലുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

‘റിഷബ് പന്ത് അസാധാരണ കഴിവുള്ള ക്രിക്കറ്ററാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം മത്സരഫലം മാറ്റിമറിക്കാന്‍ കഴിവുള്ള താരവും ടീമിന്റെ എക്‌സ്-ഫാക്ടറുമാണ്. എന്നാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ആ സ്ഥാനം അദ്ദേഹം ഇപ്പോഴും പ്രകടനത്തിലൂടെ സ്വന്തമാക്കേണ്ടതുണ്ട്.

ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം കുറച്ച് അനീതി നേരിട്ടിട്ടുണ്ട്. ആവശ്യത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. എന്നിട്ടും അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കി.

റിഷബ് പന്ത്

എന്നാല്‍ ടി-20 ക്രിക്കറ്റിന്റെ കാര്യത്തില്‍ അവസ്ഥ വ്യത്യസ്തമാണ്. പല സീസണുകളായി റിഷബ് പന്തിന് പഴയതുപോലൊരു തകര്‍പ്പന്‍ ഐ.പി.എല്‍ സീസണ്‍ ഉണ്ടായിട്ടില്ല. ആ സാഹചര്യം മാറുന്നതുവരെ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേര് പോലും വീണ്ടും പരിഗണനയിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 76 ടി-20 മത്സരങ്ങളില്‍ നിന്ന് 1209 റണ്‍സാണ് റിഷബ് പന്ത് നേടിയത്. 127.3 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. അതേസമയം ഏകദിനമത്സരത്തില്‍ 31 മത്സരങ്ങള്‍ കളിച്ച പന്ത് 871 റണ്‍സാണ് നേടിയത്. 106.2 എന്ന സ്‌ട്രൈക്ക് റേറ്റാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്.

ടെസ്റ്റില്‍ 87 ഇന്നിങ്‌സ് കളിച്ച പന്ത് 3557 റണ്‍സ് നേടിയിട്ടുണ്ട്. 159* എന്ന ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. എട്ട് സെഞ്ച്വറികളാണ് റെഡ് ബോളില്‍ പന്ത് നേടിയത്. 19 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

Content Highlight: Aakash Chopra Talking About Indian Wicket Keeper Batter Rishabh Pant

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more