| Saturday, 18th July 2026, 3:17 pm

എന്ത് സംഭവിച്ചാലും ടീമില്‍ നിന്ന് ആദ്യം പുറത്താകുന്നത് അവനാണ്; രൂക്ഷ വിമര്‍ശനവുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. എന്തുകൊണ്ടാണ് കുല്‍ദീപ് യാദവിന് ഒരിക്കലും നീതി ലഭിക്കാത്തതെന്നും എന്തുകൊണ്ടാണ് താരത്തിന് ഒരിക്കലും അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ടീമില്‍ എന്ത് സംഭവിച്ചാലും ആദ്യം പുറത്താകുന്ന താരം കുല്‍ദീപ് യാദവാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘അവനെക്കുറിച്ച് കൂടുതല്‍ ആലോചിക്കുമ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി മനസിലാകും. എന്തുകൊണ്ടാണ് ഈ താരത്തിന് ഒരിക്കലും നീതി ലഭിക്കാത്തത്? എന്തുകൊണ്ടാണ് അവന് ഒരിക്കലും അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കാത്തത്? നാം അവനോട് ശരിയായ രീതിയില്‍ പെരുമാറുന്നില്ല. അതില്‍ യാതൊരു സംശയവുമില്ല.

ഇത് പല ഫോര്‍മാറ്റുകളിലും സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. തന്ത്രത്തില്‍ മാറ്റം വരുമ്പോഴോ, ടീം മോശമായി കളിക്കുമ്പോഴോ, ബാറ്റിങ് നിര പരാജയപ്പെടുമ്പോഴോ അതിന്റെ പ്രത്യാഘാതം ആദ്യം നേരിടേണ്ടി വരുന്നത് കുല്‍ദീപ് യാദവാണ്. എന്ത് സംഭവിച്ചാലും ടീമില്‍ നിന്ന് ആദ്യം പുറത്താകുന്ന താരം കുല്‍ദീപ് യാദവാണ്,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.കുൽദീപ് യാദവ്

അതേസമയം മൂന്നാം മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദര്‍ പരിക്ക് മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. താരത്തിന് പകരം ആരാകും ടീമിലെത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചേക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിലവില്‍ ഏറെ കാലമായി താരം പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താണ്.

ഇന്ത്യയ്ക്ക് വേണ്ടി 121 ഏകദിനത്തിലെ 118 ഇന്നിങ്‌സില്‍ നിന്ന് 31 മെയ്ഡന്‍ ഉള്‍പ്പെടെ 194 വിക്കറ്റുകളാണ് താരത്തിനുള്ളത്. 6/25 എന്ന മികച്ച ബൗളിങ് പ്രകടനവും 5.07 എന്ന എക്കോണയും 27.1 എന്ന ആവറേജും താരത്തിനുണ്ട്.

ജൂലൈ 19നാണ് സീരീസ് ഡിസൈഡര്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. നിര്‍ണായക മത്സരത്തില്‍ എന്ത് വില കൊടുത്തും വിജയം സ്വന്തമാക്കാനാണ് ഇരു ടീമുകളും ലക്ഷ്യംവെക്കുന്നത്.

Content Highlight: Aakash Chopra Talking About Indian Spinner Kuldeep Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more