ഇന്ത്യന്‍ പേസര്‍ ഗുര്‍ണൂര്‍ ബ്രാറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. താരത്തെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കുന്നതിന് പകരം ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രം പരിഗണിക്കണമോ എന്ന ചോദ്യം മുന്നോട്ട് വെച്ചിരിക്കുകയാണ് ചോപ്ര. അത്തരമൊരു ചിന്ത നല്ലതാണെങ്കില്‍ പോലും ടെസ്റ്റ് ക്രിക്കറ്റ് ഇടവിട്ട് നടക്കുന്നതിനാല്‍ ചോദ്യമുയരുമെന്നും അദ്ദേഹം പറഞ്ഞു.
‘അതൊരു നല്ല ചിന്തയാണ്. എന്നാല്‍ അത് ശരിയായ ചിന്തയാണോ? എന്ന ചോദ്യം തീര്‍ച്ചയായും ഉയരും. കാരണം ടെസ്റ്റ് ക്രിക്കറ്റ് വളരെ ഇടവിട്ടാണ് നടക്കുന്നത്. ഇപ്പോള്‍ ഓഗസ്റ്റില്‍ ഒരു പരമ്പര അവസാനിച്ചു. ഇനി നവംബറിലാണ് അടുത്ത ടെസ്റ്റ് പരമ്പര. അതിന് ശേഷം അടുത്ത ടെസ്റ്റ് പരമ്പര കാണാന്‍ കഴിയുക ജനുവരി അവസാനത്തോടെയായിരിക്കും.
മത്സരങ്ങള്‍ വളരെ ഇടവിട്ടാണ് സംഭവിക്കുന്നത്. എന്നിരുന്നാലും അദ്ദേഹത്തെ ടെസ്റ്റില്‍ മാത്രം പരിഗണിക്കൂ എന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും? ഏകദിന ലോകകപ്പ് അടുത്തുവരുന്നുവെന്ന കാര്യവും നിങ്ങളുടെ മനസിലുണ്ടാകും. സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നമുക്ക് വേഗവും ബൗണ്‍സും ആവശ്യമായി വന്നേക്കാം. ഗുര്‍നൂര്‍ ബ്രാര്‍ ഇപ്പോഴാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അദ്ദേഹം മികച്ച ബൗളറാണ്.
നിങ്ങള്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ നല്‍കണം, വ്യത്യസ്ത സാഹചര്യങ്ങളിലും ഏകദിനങ്ങളും ടി-20കളും കളിക്കണം, കാരണം അദ്ദേഹം എങ്ങനെ പ്രകടനം നടത്തുമെന്നും പ്രതികരിക്കുമെന്നും നിങ്ങള്‍ക്കറിയില്ല. ലോകകപ്പ് വരുമ്പോഴേക്കും നമ്മുടെ താരം തയ്യാറാണെന്ന് അറിയാന്‍ നിങ്ങള്‍ സ്ഥിരമായി നേരിടേണ്ട ചെറിയ ചെറിയ പരീക്ഷണങ്ങളാണിവ,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2026ല്‍ അരങ്ങേറ്റം കുറിച്ച താരമാണ് ബ്രാര്‍. ഏകദിനത്തില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് താരത്തിന് നേടാനായത്. 32.8 ആവറേജാണ് താരത്തിനുള്ളത്. 3/24 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചിട്ടുള്ളൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 വിക്കറ്റും ലിസ്റ്റ് എയില്‍ 23 വിക്കറ്റുമാണ് താരത്തിനുള്ളത്.
Content Highlight: Aakash Chopra Talking About Indian Pacer Gurnoor Brar