ജപ്പാനെതിരായ സുസൂക്കി കപ്പില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ച് ഓവറില്‍ 33 റണ്‍സായിരുന്നു ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് നിശ്ചിത ഓവറില്‍ 30 റണ്‍സാണ് നേടാനായത്. മോശം കാലാവസ്ഥ മൂലം മത്സരം ചുരുക്കുകയായിരുന്നു.
എന്നാല്‍ മത്സരത്തിനുപയോഗിച്ച പിച്ചിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. പിച്ചിന്റെ കാര്യത്തില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്നും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്തണമെങ്കില്‍ മികച്ച നിലവാരമുള്ള പിച്ചുകളിലാണ് മത്സരങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘പിച്ചിന്റെ കാര്യത്തില്‍ ഇത് വലിയൊരു വെല്ലുവിളിയാണ്. പിച്ച് എങ്ങനെ പെരുമാറിയെന്നും മത്സരം എങ്ങനെ നടന്നുവെന്നും നോക്കുമ്പോള്‍, വളരെ വേഗത്തില്‍ തുടങ്ങി വളരെ വേഗം തന്നെ അവസാനിച്ചു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്തണമെങ്കില്‍ ഇത്തരം പിച്ചുകളില്‍ മത്സരങ്ങള്‍ നടത്തരുത്. മികച്ച നിലവാരമുള്ള പിച്ചുകളിലാണ് മത്സരങ്ങള്‍ നടത്തേണ്ടത്.
മഴ പെയ്യുന്നില്ലെങ്കിലും ഗ്രൗണ്ട് ഉണങ്ങുന്നില്ല. കാരണം ഇവിടെ സൂപ്പര്‍ സോപ്പറോ ഗ്രൗണ്ട് മൂടിവയ്ക്കാനുള്ള മതിയായ സൗകര്യമോ ഇല്ല. ഇവിടെ ഒരു അന്താരാഷ്ട്ര മത്സരം നടത്തുകയാണെങ്കില്‍, ഇത്തരം സൗകര്യങ്ങളുടെ അഭാവം അംഗീകരിക്കാനാകില്ല. എല്ലാവരും ചേര്‍ന്ന് പരിഹരിക്കേണ്ട ഒരു വെല്ലുവിളിയാണിത്,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മത്സരത്തില്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനുമാണ് മടങ്ങിയത്. 12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരവും ക്യാപ്റ്റനാണ്. മത്സരത്തിലെ താരവും ശ്രേയസായിരുന്നു.
Content Highlight: Aakash Chopra Talking About India VS Japan Match And Pitch