ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറാകുന്ന ഇന്ത്യന്‍ ടീം നിലവില്‍ ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ലങ്കയ്‌ക്കെതിരെ പരമ്പര വിജയിച്ചാലും ഇന്ത്യയ്ക്ക് 2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലേക്കുള്ള സാധ്യതകള്‍ കുറവാണെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
‘ഇന്ത്യക്കെതിരെ 2-0ന് പരമ്പര ജയിക്കാന്‍ കഴിഞ്ഞാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയും ശക്തമായി സജീവമാകും. ഇന്ത്യയെ 2-0ന് തോല്‍പ്പിച്ചാല്‍ ശ്രീലങ്കയുടെ വിജയശതമാനം 61 ആകും. അങ്ങനെ സംഭവിച്ചാല്‍ ഫൈനലിലേക്ക് മുന്നേറാനുള്ള സാധ്യതയും അവര്‍ക്ക് ലഭിക്കും
അതേസമയം, ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയാലും വലിയ നേട്ടമൊന്നും ലഭിക്കില്ല. പരമ്പര 1-1ന് സമനിലയില്‍ അവസാനിച്ചാലും ഇന്ത്യയുടെ വിജയശതമാനത്തില്‍ കാര്യമായ മാറ്റമുണ്ടാകില്ല. നിലവിലെ സ്ഥാനത്തും വലിയ വ്യത്യാസമുണ്ടാകില്ല.
ഇന്ത്യയ്ക്ക് ഇനി ന്യൂസിലന്‍ഡില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കാനുണ്ട്. അവിടെ ജയിക്കുക അത്ര എളുപ്പമാകില്ല. ഒരു മത്സരം പോലും തോറ്റാല്‍ വലിയ പോയിന്റ് നഷ്ടമാകും. അതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നു. അതിനാല്‍ ഇന്ത്യ നിലവില്‍ ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത നിര്‍ണയിക്കുന്ന നിര്‍ണായക ഘട്ടമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര. നിലവില്‍ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ നാല് ജയവും നാല് തോല്‍വിയും ഒരു സമനിലയുമടക്കം 52 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 48.15ാണ് ഇന്ത്യയുടെ വിജയശതമാനം.
നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ 84 പോയിന്റാണ് ഓസീസിനുള്ളത്. 87.50 വിജയശതമാനവും ഓസീസിനുണ്ട്. രണ്ടാം സ്ഥാനത്തുള്ളത് സൗത്ത് ആഫ്രിക്കയാണ്.
ലങ്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യയ്ക്ക് നവംബറില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരമാണുള്ളത്. ലങ്കയ്‌ക്കെതിരെയും കിവീസിനെതിരെയും ഇന്ത്യ വിജയം നേടുമെന്നും വിജയശതമാനം ഉയര്‍ത്തുമെന്നുമാണ് പ്രതീക്ഷ.
Content Highlight: Aakash Chopra Talking About India’s Winning Chance In WTC 2025-2027