പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി ചെന്നൈ ടീമില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ചെന്നൈ അന്‍ഷുല്‍ കാംബോജിന് പകരം സ്പിന്നറായ രാഹുല്‍ ചഹറിനെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ മത്സരത്തില്‍ നിങ്ങള്‍ ധാരാളം പേസര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു. ചെന്നൈ ഇപ്പോള്‍ ഒരു സ്പിന്നറെ ഉള്‍പ്പെടുത്തേണ്ടിവരും, അത് പ്രശാന്ത് വീറോ രാഹുല്‍ ചാഹറോ ആകാം. കാരണം രാഹുല്‍ ചാഹര്‍ ചെപ്പോക്കില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
അവന്റെ സ്റ്റാറ്റുകള്‍ മികച്ചതായതിനാല്‍, നിങ്ങള്‍ക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ താത്പര്യമുണ്ടാകാം. അന്‍ഷുല്‍ കംബോജിന് പകരം അദ്ദേഹത്തെ കൊണ്ടുവരാം, ചെന്നൈക്ക് ഇതിനകം തന്നെ ധാരാളം പേസര്‍മാരുണ്ട്,’ ചോപ്ര യൂട്യൂബ് ചാനലില്‍ പറഞ്ഞു.
രാഹുല്‍ ചഹര്‍
ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തിലായിരുന്നു രാഹുല്‍ ചഹര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ വിക്കറ്റ് നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 2024ല്‍ ഒമ്പത് മത്സരങ്ങില്‍ നിന്ന് 10 വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. കരിയറില്‍ ഇതുവരെ 79 മത്സരങ്ങളില്‍ നിന്ന് 75 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.
അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിലാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.
ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയ ആദ്യ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമായാരുന്നു സഞ്ജുവിന് നേടാന്‍ സാധിച്ചത്. എന്നാല്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Aakash Chopra Talking About Chennai Super Kings