ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ജമ്മു കശ്മീരിന്റെ സൂപ്പര്‍ പേസര്‍ ആഖിബ് നബി ഇന്ത്യന്‍ സ്‌ക്വാഡില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ നബിയെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. നബിയുടെ പേരാണ് ആദ്യ പട്ടികയില്‍ ഉണ്ടാകേണ്ടതെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഖിബ് നബി
‘ആഖിബ് നബിയുടെ പേരാണ് പട്ടികയില്‍ ഒന്നാമതുണ്ടാകേണ്ടത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 100ലധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മാത്രം 60 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. എന്നിട്ടും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അദ്ദേഹത്തിന് ദൈവാനുഗ്രഹം പോലെ ലഭിച്ച അവസരമായേക്കാം.
ഐ.പി.എല്ലിനെക്കുറിച്ച് മറന്നേക്കൂ. കാരണം റെഡ്-ബോള്‍ ക്രിക്കറ്റിലാണ് അദ്ദേഹം തന്റെ മികവ് തെളിയിച്ചിരിക്കുന്നത്. ഇതും ഒരു റെഡ്-ബോള്‍ പര്യടനമാണ്. അതിനാല്‍ ആഖിബ് നബി ടീമിലെ സ്വാഭാവിക തെരഞ്ഞെടുപ്പായിരിക്കണമെന്ന് ഞാന്‍ കരുതുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ആഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. 2025-26 രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ആഖിബ് നബി. ജമ്മു കശ്മീരിന് ചരിത്രത്തിലെ ആദ്യ രഞ്ജി കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കായിരുന്നു ആഖിബ് നബി വഹിച്ചത്. 2026ല്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് താരമാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43 മത്സരങ്ങളില്‍ നിന്നും 162 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ മാസം ശ്രീലങ്കന്‍ എ ടീമിനെതിരെയുള്ള പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു ജമ്മു താരം നടത്തിയിരുന്നത്. രണ്ട് മത്സരങ്ങളില്‍ നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ആഖിബ് നബിക്ക് അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ചുനിന്നിട്ടും സെലക്ടര്‍മാര്‍ താരത്തെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ 29കാരനെ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.
Content Highlight: Aakash Chopra Supports Jammu Kashmir Pacer Auqib Nabi