ഐ.പി.എല്‍ 2026ല്‍ താരങ്ങളുടെ പരിക്ക് കാരണം ഏറ്റവുമധികം തിരിച്ചടികള്‍ നേരിട്ട ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണെന്ന് നിരീക്ഷിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമിലെ പ്രധാന വിദേശ താരങ്ങളുടെ അഭാവം ഹൈദരാബാദിന്റെ പ്രകടനത്തെ സാരമായി ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
നായകന്‍ പാറ്റ് കമ്മിന്‍സ്, പേസര്‍ ഇഷാന്‍ മലിംഗ എന്നിവര്‍ നിലവില്‍ ടീമിനൊപ്പമില്ല എന്നത് ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്. കൂടാതെ, കഴിഞ്ഞ മിനി ലേലത്തില്‍ 3 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ജാക്ക് എഡ്വേര്‍ഡ്സും പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. മൂന്ന് പ്രധാന വിദേശ ബൗളര്‍മാരുടെ അഭാവം ടീമിന്റെ സാധ്യതകളെ ബാധിക്കുമെന്നാണ് ആകാശ് ചോപ്രയുടെ വിലയിരുത്തല്‍.
ആകാശ് ചോപ്ര
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘സണ്‍റൈസേഴ്സ് ഹൈദരാബാദാണ് നിലവില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന ടീം എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ക്യാപ്റ്റന്റെ സാഹചര്യത്തെക്കുറിച്ച് എനിക്കറിയാം, ജാക്ക് എഡ്വേര്‍ഡ്സ് കളിക്കാന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ അദ്ദേഹം ഉണ്ടാകില്ല. അദ്ദേഹവും പരിക്കേറ്റ് പുറത്താണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
ബ്രൈഡന്‍ കാഴ്‌സ് ഫിറ്റ് ആണ്, പക്ഷേ ഇഷാന്‍ മലിംഗയുടെ നില അനിശ്ചിതത്വത്തിലാണ്. അതായത് അവരുടെ മൂന്ന് പ്രധാന വിദേശ കളിക്കാരെ കാണുന്നില്ല, ഇത് ഒരു വലിയ തിരിച്ചടി തന്നെയാണ്. നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏറ്റവും വലിയ നഷ്ടം തന്നെയാണ് നേരിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിന്റെ ബ്രൈഡന്‍ കാഴ്‌സ് മാത്രമാണ് എസ്.ആര്‍.എച്ചില്‍ പൂര്‍ണ ആരോഗ്യവാനായ വിദേശ പേസ് ഓപ്ഷന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അദ്ദേഹം ഒരു ടി-20 മത്സരം പോലും കളിച്ചിട്ടില്ല, കൂടാതെ 2026ലെ ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിലും താരത്തിന് സ്ഥാനമുണ്ടായിരുന്നില്ല.
മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
‘സണ്‍റൈസേഴ്‌സിന്റെ ആക്രമണാത്മക ബാറ്റിങ് കാണാന്‍ രസകരമാണ്. പക്ഷേ അങ്ങനെയുള്ള ബാറ്റിങ് അവരെ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാന്‍ സഹായിക്കില്ല. അവരുടെ ബൗളിങ് അല്‍പ്പം ദുര്‍ബലമാണ്. ട്രോഫി നേടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് ബൗളര്‍മാരാണ്,’ ഉത്തപ്പ പറഞ്ഞു.
ഈ സീസണില്‍ ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്, ശിവം മാവി, ഇഷാന്‍ മലിംഗ, സീഷന്‍ അന്‍സാരി, ഹര്‍ഷ് ദുബെ തുടങ്ങിയ ബൗളര്‍മാരുണ്ടെങ്കിലും സ്വന്തം തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ ഫ്ളാറ്റ് വിക്കറ്റുകള്‍ വെല്ലുവിളിയാകുമെന്നും ഉത്തപ്പ നിരീക്ഷിക്കുന്നു.
Content highlight: Aakash Chopra says Sunrisers Hyderabad was the team that suffered the most setbacks due to player injuries in IPL 2026.