ന്യൂസിലന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്താത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഇന്ത്യയുടെ 2026-ലെ ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നിട്ടും റിങ്കുവിനോട് നീതി പുലര്‍ത്തിയില്ലെന്ന് ചോപ്ര തുറന്നടിച്ചു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് ടി-20, അഞ്ച് ഏകദിനങ്ങള്‍, രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെ 12 മത്സരങ്ങള്‍ ഇന്ത്യ കളിക്കുന്നുണ്ടെങ്കിലും ഒരു ഫോര്‍മാറ്റിലും റിങ്കുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര സെലക്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്തത്.
മികച്ച ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ് ഉണ്ടായിരുന്നിട്ടും റിങ്കുവിനെ വെറുമൊരു ലിമിറ്റഡ് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ലേബല്‍ ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘റിങ്കു സിങ് എന്റെ സഹോദരനാണ്, അവന്‍ ഇനി എത്ര റണ്‍സ് അടിക്കണം? തന്റെ കഴിഞ്ഞ ആറ് ഇന്നിങ്‌സുകളില്‍ നാല് സെഞ്ച്വറികളാണ് അവന്‍ നേടിയത്. ടീം മുഴുവന്‍ പുറത്തായപ്പോഴും അവന്‍ ഒറ്റയ്ക്ക് പൊരുതി 118 റണ്‍സുമായി നിന്നു.
റിങ്കു സിങ്. Photo: BCCI/x.com
കുറഞ്ഞത് 50 ഇന്നിങ്‌സുകളെങ്കിലും കളിച്ചവരില്‍ ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് ശരാശരിയുള്ള കളിക്കാരുടെ പട്ടിക ക്രികബസ്സില്‍ ഞാന്‍ കണ്ടു. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് അതില്‍ ഒന്നാമത്. സര്‍ഫറാസ് ഖാന്റെ പേരും അതിലുണ്ട്.
78 ഇന്നിങ്‌സുകളില്‍ 61.33 എന്ന ശരാശരിയാണ് റിങ്കു സിങ്ങിനുള്ളത്. ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നമ്മള്‍ റിങ്കു സിങ്ങിനോട് ചെയ്യുന്നത് ശരിയായ കാര്യമാണോ? അവനെ ഒരു ലേബലില്‍ ഒതുക്കിയിരിക്കുകയാണ്.
ചിലപ്പോള്‍ നമ്മള്‍ ഒരു കളിക്കാരനെ വൈറ്റ്-ബോള്‍ പ്ലെയര്‍ എന്ന് മുദ്രകുത്തും, എന്നാല്‍ ആ ഫോര്‍മാറ്റില്‍ പോലും അവന് പൂര്‍ണ്ണമായ അവസരങ്ങള്‍ ലഭിക്കുന്നില്ല. എന്റെ അഭിപ്രായത്തില്‍, ലോകകപ്പിന് ശേഷവും അവനോട് തെറ്റായാണ് പെരുമാറിയത്,’ ചോപ്ര പറഞ്ഞു.
ബാറ്റിങ് ഓര്‍ഡറില്‍ നല്‍കിയ ചുമതലകളെല്ലാം റിങ്കു കൃത്യമായി നിറവേറ്റിയിട്ടും താരത്തെ പുറത്താക്കിയതിനെ ചോപ്ര വീണ്ടും ചോദ്യം ചെയ്തു.
‘അവന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറക്കിയപ്പോഴും തന്നോട് ആവശ്യപ്പെട്ടതെല്ലാം അവന്‍ ചെയ്തു. ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ അവന്‍ റണ്‍സ് നേടിയിട്ടുണ്ട്. അതിനുശേഷം പെട്ടെന്ന് അവനെ ഒഴിവാക്കി, ഇപ്പോഴും പുറത്ത് തന്നെ നിര്‍ത്തിയിരിക്കുന്നു. മറ്റുള്ളവര്‍ വന്ന് കളിക്കുമ്പോള്‍ ഈ താരം പുറത്ത് ഇരിക്കുക മാത്രമാണ് ചെയ്യുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിങ്കു സിങ്. Photo: BCCI/x.com
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മിഡില്‍ ഓര്‍ഡറില്‍ എപ്പോള്‍ വേണമെങ്കിലും ഒഴിവുകള്‍ വരാമെന്നിരിക്കെ റിങ്കുവിനെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
‘ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവന്‍ ഇത്രയധികം റണ്‍സ് നേടുമ്പോള്‍ അത് നിരീക്ഷിക്കേണ്ടതാണ്, എന്നാല്‍ നിങ്ങളത് ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. നേരത്തെ മിഡില്‍ ഓര്‍ഡറില്‍ ഒട്ടും ഒഴിവുകളില്ലാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നോക്കുമ്പോള്‍ ഏതു സമയത്തും ഒരു സ്ഥാനം ഒഴിവു വരാം എന്ന് എനിക്ക് തോന്നുന്നു,’ മുന്‍ താരം ചൂണ്ടിക്കാട്ടി.
റിങ്കുവിനെ ഉടന്‍ തന്നെ ടെസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നല്ല, മറിച്ച് ഇന്ത്യ എ ടീമുകളിലെങ്കിലും ഉള്‍പ്പെടുത്തി പരിഗണിക്കണമെന്നും കേവലം ഒരു വൈറ്റ്-ബോള്‍ ക്രിക്കറ്റര്‍ എന്ന് മാത്രം ലേബല്‍ ചെയ്ത് തള്ളിക്കളയരുതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Aakash Chopra says selectors are showing Rinku Singh a great injustice