| Wednesday, 19th August 2026, 5:20 pm

ഏഷ്യന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയ മാനവ് കാര്യങ്ങളെല്ലാം മാറ്റിമറിച്ചെന്ന് ചോപ്ര പറഞ്ഞു. മാനവ് വെറും രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെന്നും താരം പന്തെറിയുന്നത് കാണുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന് തികച്ചും അനുയോജ്യനായ ഒരു താരത്തെ വളരെക്കാലത്തിന് ശേഷം ലഭിച്ചതുപോലെ തോന്നുന്നു എന്നും ചോപ്ര പറഞ്ഞു.

മാനവ് സുതര്‍ – Photo: X.com

‘മാനവ് സുതാര്‍ കാര്യങ്ങള്‍ ശരിക്കും മാറ്റിമറിച്ചിരിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാന സ്പിന്നര്‍ എന്നതിനെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ നിരന്തരം ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹം രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

തീര്‍ച്ചയായും, ഏഷ്യന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാണ്. അദ്ദേഹം പന്തെറിയുന്നത് കാണുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന് തികച്ചും അനുയോജ്യനായ ഒരു താരത്തെ വളരെക്കാലത്തിന് ശേഷം ലഭിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും.

അദ്ദേഹം ശ്രീ ഗംഗാനഗറില്‍ നിന്നുള്ളയാളാണ്. അവിടെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. എങ്കിലും, അവിടെയുള്ള ഒരു കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അവനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രത്യേകത.

നിങ്ങള്‍ ഏത് ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നത് അവിടെ വിഷയമല്ല. പണ്ട് കാര്യങ്ങളൊന്നും ഇങ്ങനെയായിരുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ധോണിയുടെ കാലത്താണ് ഇതിനൊരു മാറ്റം വന്നുതുടങ്ങിയത്. ഇപ്പോഴാകട്ടെ, ഇതൊരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ലങ്കയുടെ തട്ടകമായ ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 206 (T: 372)

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റും നേടിയാണ് മാനവ് ലങ്കന്‍ നിരയിലെ തകര്‍ത്തത്. ഇതോടെ ശ്രീലങ്കന്‍ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമാകാനും മാനവിന് സാധിച്ചു (10/ 131).

Content Highlight: Aakash Chopra Praises Super Allrounder Manav Suthar For Great Performance Against Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more