| Friday, 8th May 2026, 11:54 am

അവന്‍ വളരെ വേഗം ഇന്ത്യയ്ക്കുവേണ്ടി കളിക്കും; പ്രശംസയുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. മത്സരത്തില്‍ ലഖ്‌നൗവിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് പ്രിന്‍സ് യാദവാണ്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. വിരാട് കോഹ്‌ലി (0), ദേവ്ദത്ത് പടിക്കല്‍ (34), ജിതേഷ് ശര്‍മ (1) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. വിരാട് കോഹ്‌ലിയെ പ്രിന്‍സ് പുറത്താക്കിയത് ഒരു കിടിലന്‍ ഡെലിവറിയിലൂടെയായിരുന്നു.

ഇതോടെ മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര പ്രിന്‍സിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിരാട് കോഹ്‌ലിയെ പുറത്താക്കിയ പ്രിന്‍സിന്റെ ഡെലിവറി സ്വപ്‌നതുല്യമായിരുന്നു എന്ന് ചോപ്ര പറഞ്ഞു. താരം വളരെ വേഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ ‘പ്രിന്‍സും’ രാജാവാകാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, രാജാവിനെ പുറത്താക്കുന്നതുവരെ നിങ്ങള്‍ക്ക് രാജാവാകാന്‍ കഴിയില്ല. അദ്ദേഹം ആ ജോലി ചെയ്തു. അതൊരു സ്വപ്നതുല്യമായ ഡെലിവറിയാണ്. മിച്ചല്‍ മക്ലെനഗന്‍ ഞങ്ങളുടെ ഇംഗ്ലീഷ് കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്നു. അദ്ദേഹം അതിനെ ഒരു ദിവ്യ ഡെലിവറി എന്ന് വിളിച്ചു. പന്ത് സീമിനൊപ്പം നേരെ പോകുകയായിരുന്നു, അത് പുറത്തേക്ക് പോകുമെന്ന് തോന്നി, പക്ഷെ പിച്ചിങ് കഴിഞ്ഞ് അത് ബാറ്റില്‍ നിന്ന് തെറ്റി ഓഫ്-സ്റ്റമ്പില്‍ തട്ടി.

അത് അദ്ദേഹത്തിന്റെ ഒരേയൊരു വിക്കറ്റ് ആയിരുന്നില്ല. അതിനുശേഷം, ഒരു സ്വപ്നം പോലെ ബാറ്റ് ചെയ്യുന്ന ദേവദത്ത് പടിക്കലിനെ അദ്ദേഹം പുറത്താക്കി. പിന്നീട് ജിതേഷ് ശര്‍മയെ അദ്ദേഹം പുറത്താക്കി. അദ്ദേഹം മൂന്ന് വിക്കറ്റുകള്‍ നേടി. ആ കുട്ടി ഒരു പ്രതിഭയാണ്. അവന്‍ വളരെ വേഗം ഇന്ത്യയ്ക്കുവേണ്ടി കളിക്കും. അതില്‍ യാതൊരു സംശയവുമില്ല,’ ചോപ്ര പറഞ്ഞു.പ്രിന്‍സ് യാദവ്

അതേസമയം മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ പ്രഖ്യാപിച്ചത്. സ്വന്തം തട്ടകമായ എകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒമ്പത് റണ്‍സിന്റെ വിജയമാണ് റിഷബ് പന്തും സംഘവും സ്വന്തമാക്കിയത്.

19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി കരുത്തില്‍ 209 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 203 റണ്‍സാണ് ബെംഗളൂരുവിന് നേടാനായത്. ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചേക്കേറാന്‍ ബെംഗളൂരുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മറുവശത്ത് തങ്ങളുടെ മൂന്നാം വിജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്.

മെയ് 10ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കാണ് വേദി. അതേസമയം ബെംഗളൂരുവിന്റെ അടുത്ത മത്സരം മെയ് 10ന് മുംബൈയോടാണ്. റായ്പൂരിലാണ് മത്സരം നടക്കുക.

Content Highlight: Aakash Chopra Praises Lucknow Pacer Prince Yadav

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more