| Saturday, 19th September 2026, 12:51 pm

അഗാര്‍ക്കര്‍ സ്ഥാനമൊഴിയുന്നു? ഇനി ആര് ? വമ്പന്മാരുടെ പേര് നിരത്തി ചോപ്ര

അഞ്ജലി പി.കെ.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍ അജിത് അഗാര്‍ക്കര്‍ സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകള്‍ക്കുള്ള ടീമുകളെ തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം തന്റെ അവസാന സെലക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞാല്‍ ആരൊക്കെയാകും സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ളതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. പട്ടികയില്‍ മുന്‍ താരം പാര്‍ത്ഥിവ് പട്ടേലാണ് മുന്‍പന്തിയില്‍. പാര്‍ത്ഥിവിന് പുറമേ, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, വസീം ജാഫര്‍, സഞ്ജയ് ബംഗാര്‍ തുടങ്ങിയ സാധ്യതയുള്ള പ്രമുഖരുടെ പേരുകളും ചോപ്ര കൂട്ടിച്ചേര്‍ത്തു.

‘സഹീര്‍ ഖാന്‍ ഒരു മികച്ച സ്ഥാനാര്‍ത്ഥിയാകാം, പക്ഷേ അദ്ദേഹം ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന, ടീമിന്റെ ബ്ലൂപ്രിന്റ് മനസിലാക്കുന്ന സഹീര്‍ ഉണ്ടെങ്കില്‍ അത് ഒരു സുവര്‍ണാവസരമായിരിക്കും.

അജിത് അഗാര്‍ക്കര്‍

അത് പത്താനും ആകാം. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല, ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അദ്ദേഹം സന്തുഷ്ടനാണെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ ക്രിക്കറ്റ് പാരമ്പര്യവും വെസ്റ്റ് സോണ്‍ ക്രിക്കറ്റുമായുള്ള ബന്ധവും നോക്കുകയാണെങ്കില്‍ ഇര്‍ഫാന്‍ വളരെ ശക്തമായ ഒരു പേരായിരിക്കും.

വസീം ജാഫറിന് എന്തുകൊണ്ട് ആയിക്കൂടാ? ആഭ്യന്തര തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും അദ്ദേഹം കളിക്കായി ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം ബഹുമാനവും വിവേകവും കൊണ്ടുവരും ,’ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

2023 ജൂലൈയിലാണ് സീനിയര്‍ മെന്‍സ് സെക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചത്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ടെങ്കിലും 2024 ടി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, 2026 ടി-20 ലോകകപ്പ് തുടങ്ങള്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.
നിലവില്‍ അഗാര്‍ക്കരിന്റെ സ്ഥാനമൊഴിയല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.

Content Highlight: Aakash Chopra discusses the potential candidates who could step in if Ajit Agarkar vacates the position of India’s chief selector
അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more