ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഡെത്ത് ഓവറുകളിലെ ബൗളിങ്ങിനെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഭുവനേശ്വര്‍ കുമാറിന്റെയും അര്‍ഷ്ദീപ് സിങ്ങിന്റെയും ഓവറുകള്‍ നേരത്തേ തീര്‍ക്കുന്നതും അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ പരീക്ഷിക്കുന്നത് ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി. ടീമിലെ മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനെയും അര്‍ഷ്ദീപ് സിങ്ങിനെയും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
‘ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച ഒരു രസകരമായ കാര്യമുണ്ട്. ഭുവനേശ്വര്‍ കുമാറിന്റെ ഓവറുകള്‍ 15ാം ഓവറിലോ 16ാം ഓവറിലോ തീര്‍ക്കുകയാണ്. അര്‍ഷ്ദീപ് സിങ്ങിനെക്കൊണ്ട് 18ാം ഓവറില്‍ പന്തെറിയിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഇത് ഒരു പതിവായി മാറുന്നതായാണ് കാണുന്നത്.
19ാം അല്ലെങ്കില്‍ 20ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ പരീക്ഷിക്കണമെന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിരിക്കാം ഇത്. എന്താണ് അതിന് പിന്നിലെ കാരണമെന്ന് ശ്രേയസ് അയ്യര്‍ക്ക് മാത്രമേ അറിയൂ! നിതീഷ് മോശമായ രീതിയിലാണ് പന്തെറിഞ്ഞതെന്ന് ഞാന്‍ പറയുന്നില്ല.
എന്നാല്‍ ഭുവനേശ്വര്‍ കുമാറിനെയും അര്‍ഷ്ദീപ് സിങ്ങിനെയും പോലുള്ള ബൗളര്‍മാര്‍ ടീമിലുള്ളപ്പോള്‍, അവസാന രണ്ട് ഓവറുകളില്‍ പന്തെറിയാന്‍ സ്വാഭാവികമായും പരിഗണിക്കേണ്ടത് അവരെയാണ്. അല്ലെങ്കില്‍, മത്സരത്തിലെ അവസാന മൂന്ന് ഓവറുകള്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ് എന്നിവര്‍ക്ക് വീതിച്ച് നല്കുകയെങ്കിലും വേണം,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
നിതീഷ് കുമാര്‍ റെഡ്ഡി
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
അതേസമയം ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ മൂന്ന് ടി-20 കളിലും അവസരം കിട്ടിയ ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് മാത്രമാണ് പരമ്പരയില്‍ ഇത് വരെ നേടാനായത്. എക്കണോമി പതിനൊന്നിലധികവുമാണ്.
മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ അതിവേഗം വിജയം സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. 38 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്.
Content Highlight: Aakash Chopra Criticize Shreyas Iyer’s Captaincy