സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. 21 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ ഗെയ്ക്വാദ് ഒരു ബൗണ്ടറി പോലും അടിച്ചില്ലെന്ന് ചോപ്ര പറഞ്ഞു. സഞ്ജു സാംസണ്‍, ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ എന്നിവരോട് ആക്രമിച്ച് ബൗണ്ടറി അടിക്കാന്‍ ഋതുരാജ് ആവശ്യപ്പെട്ടെന്നും ക്യാപ്റ്റന്‍ അതിന് ശ്രമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
’21 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ നീ, ഒരു ബൗണ്ടറി പോലും അടിച്ചില്ല. മത്സരം ഒരു പ്രശ്‌നമല്ല എന്ന മട്ടിലാണ് നീ ബാറ്റ് ചെയ്തത്. സഞ്ജു സാംസണ്‍, ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ എന്നിവരോട് ആക്രമിച്ച് ബൗണ്ടറി അടിക്കാന്‍ നീ ആവശ്യപ്പെട്ടു, പക്ഷേ നീ ഒരിക്കലും അതിന് ശ്രമിച്ചില്ല.
ടീം മാനേജ്‌മെന്റ് നീ അങ്ങനെ കളിക്കണമെന്ന് പറഞ്ഞാലും, നീ അവരോട് വേണ്ട എന്ന് പറയണം. ചെന്നൈക്ക് 15 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ അവര്‍ക്ക് കളി ജയിക്കാമായിരുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ഗെയ്ക്വാദ് നടത്തിയ പ്രകടനം ഒട്ടും അനുയോജ്യമായിരുന്നില്ല. 21 പന്തില്‍ ബൗണ്ടറികളില്ലാതെ 15 റണ്‍സ് മാത്രമാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദിന്റെ മോശം പ്രകടനം ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാനമായിരുന്നു.
സീസണില്‍ ഋതുരാജ് ഗെയ്ക്വാദ് 13 മത്സരത്തില്‍ നിന്ന് 321 റണ്‍സാണ് ഓപ്പണിങ് പൊസിഷനില്‍ നിന്ന് നേടിയത്. 15(21), 13(9), 42(18), 6(13), 67*(48), 74*(60), 22(14), 19(13), 7(6), 15(18), 7(3), 28(22) & 6(11) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്.
അതേസമയം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. പിന്നാലെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും മങ്ങി.
ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയം നേടുകയായിരുന്നു. ഇഷാന്‍ കിഷന്റെ 70 റണ്‍സിന്റെ കരുത്തിലാണ് ഹൈദരാബാദ് വിജയിച്ചുകയറിയത്.
Content Highlight: Aakash Chopra Criticize Ruturaj Gaikwad Foor Poor Performance Against Hyderabad