| Monday, 29th June 2026, 8:06 pm

ആരും വലിയ ഷോട്ടുകള്‍ കളിക്കാനോ ആക്രമിച്ച് റണ്‍സ് നേടാനോ ശ്രമിച്ചില്ല; ഇന്ത്യയെ വിമര്‍ശിച്ച് ചോപ്ര

ശ്രീരാഗ് പാറക്കല്‍

2026 വനിതാ ടി-20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. ടീം കൂടുതല്‍ ഫിറ്റാകേണ്ടതുണ്ടെന്നും ടി-20 ക്രിക്കറ്റില്‍ മികവ് പുലര്‍ത്താനും തുടര്‍ച്ചയായി മെച്ചപ്പെടാനും ഫിറ്റ്‌നസാണ് ഏറ്റവും പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ റണ്‍വേഗം കൂട്ടാനുള്ള ശ്രമം ഉണ്ടായില്ലെന്നും ആരും വലിയ ഷോട്ടുകള്‍ കളിക്കാനോ ആക്രമിച്ച് റണ്‍സ് നേടാനോ ശ്രമിച്ചില്ലെന്നും ചോപ്ര കുറ്റപ്പെടുത്തി.

‘ഈ ടീം കൂടുതല്‍ ഫിറ്റാകേണ്ടതുണ്ട്. ഫിറ്റ്‌നസ് എന്നത് പല ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഗ്രൗണ്ടിലെ റണ്ണിങ്ങും, ക്യാച്ചുകള്‍ കൈവശപ്പെടുത്തലും തുടങ്ങിയത് അതിന്റെ ഭാഗമാണ്. കാരണം ഫിറ്റ്‌നസും ഫീല്‍ഡിങ്ങും പരസ്പരം ബന്ധപ്പെട്ടതാണ്. അതോടൊപ്പം സിക്‌സറുകള്‍ അടിക്കാനുള്ള കരുത്തും വേണം. ടി-20 ക്രിക്കറ്റില്‍ മികവ് പുലര്‍ത്താനും തുടര്‍ച്ചയായി മെച്ചപ്പെടാനും ആഗ്രഹിക്കുന്നുവെങ്കില്‍, ഏറ്റവും പ്രധാനപ്പെട്ടത് ഫിറ്റ്‌നസാണ്. അതിനോടൊപ്പം ഫീല്‍ഡിങ്ങും വരും. ഈ രണ്ട് കാര്യങ്ങളാണ് നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടുത്താന്‍ കഴിയണം.

ബാറ്റിങ്ങില്‍ കുറച്ചുകൂടി ആക്രമണ മനോഭാവം കാണിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ താരങ്ങളെ ഒഴിവാക്കിയാല്‍, ബാക്കിയുള്ളവരില്‍ നമ്മള്‍ ഇപ്പോഴും പിന്നിലാണെന്നാണ് തോന്നുന്നത്. നാം സ്വതന്ത്രമായി ബാറ്റ് ചെയ്യുന്നില്ല. ഓസ്‌ട്രേലിയക്കും സൗത്ത് ആഫ്രിക്കയ്ക്കുമെതിരെ നിങ്ങള്‍ തോറ്റത് ബാറ്റിങ് നിര നിരാശപ്പെടുത്തിയതുകൊണ്ടാണ്.

ആവശ്യമായ ആക്രമണ മനോഭാവം എവിടെയും കാണാനായില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ വിക്കറ്റുകള്‍ വീഴുന്നില്ലായിരുന്നു, പക്ഷേ റണ്‍വേഗം കൂട്ടാനുള്ള ശ്രമം ഉണ്ടായില്ല. സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും ഏകദേശം പന്തിന് ഒരു റണ്‍ എന്ന നിലയിലായിരുന്നു മുന്നേറിയത്. എന്നാല്‍ ആരും വലിയ ഷോട്ടുകള്‍ കളിക്കാനോ ആക്രമിച്ച് റണ്‍സ് നേടാനോ ശ്രമിച്ചില്ല,’ ആകാശ് ചോപ്ര യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വനിതകള്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഓസീസ് അപരാജിതരായി സെമിയിലേക്ക് കുതിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കയും അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 27 പന്തില്‍ 56 റണ്‍സാണ് താരം എടുത്തത്. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Aakash Chopra Criticize Indian Women’s T-20 Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more