| Saturday, 21st March 2026, 3:44 pm

എന്തിന് ആ സൂപ്പര്‍ താരത്തെ തടഞ്ഞുവെക്കുന്നു; ഐ.പി.എല്ലിന് മുമ്പ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ ചോപ്ര

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ന്റെ തുടക്കം മുതല്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കളിക്കാന്‍ അനുവദിക്കാത്ത ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കുകളൊന്നുമില്ലെന്നും കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം കളിക്കളത്തില്‍ സജീവമായിരുന്നില്ല എന്നും ചോപ്ര ചൂണ്ടിക്കാട്ടി

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീ-ഡിയോയിലാണ് ചോപ്ര ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ രംഗത്തെത്തിയത്.

ആകാശ് ചോപ്ര

വര്‍ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി ടൂര്‍ണമെന്റിലെ ആദ്യ ചില മത്സരങ്ങള്‍ സ്റ്റാര്‍ക്കിന് നഷ്ടമാകും. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബൗളിങ് നിരയെ നയിക്കേണ്ട സ്റ്റാര്‍ക്കിന്റെ അഭാവം ആദ്യ മത്സരങ്ങളില്‍ ക്യാപ്പിറ്റല്‍സിന് തിരിച്ചടിയാകും.

‘മിച്ചല്‍ സ്റ്റാര്‍ക്കും തുടക്കത്തില്‍ വരുന്നില്ലെങ്കില്‍… ക്രിക്കറ്റ് ഓസ്ട്രേലിയ, നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ജോഷ് ഹേസല്‍വുഡിനെ വരാന്‍ അനുവദിച്ചില്ല, പാറ്റ് കമ്മിന്‍സും വരുന്നില്ല, ഇപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും നിങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നു.

മിച്ചല്‍ സ്റ്റാര്‍ക്

അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്, കായികക്ഷമതയുള്ളവനുമാണ്. അദ്ദേഹം ഇതിനോടകം തന്നെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതുമാണ്. പിന്നെ കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം എന്താണ് ചെയ്തത്?’ എന്ന് ചോപ്ര ചോദിച്ചു.

2025-26 ആഷസ് പരമ്പരയ്ക്ക് ശേഷം സ്റ്റാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് ചോപ്ര ഓര്‍മ്മിപ്പിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി അദ്ദേഹത്തെ ഇപ്പോള്‍ വിശ്രമിക്കാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും ഇതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

മിച്ചല്‍ സ്റ്റാര്‍ക്. Photo: Delhi Capitals/x.com

‘അടുത്ത ഐ.പി.എല്ലിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കും. അതിനായി ഇപ്പോഴേ വിശ്രമം നല്‍കേണ്ട ആവശ്യമെന്താണ്? അദ്ദേഹം ചോദിച്ചു.

പരിക്കില്ലാതിരുന്നിട്ടും വെറുതെ പരിക്കേല്‍ക്കുമെന്ന പേടിയില്‍ ഐ.പി.എല്‍ ഒഴിവാക്കുന്നതിനെതിരെ ഫ്രാഞ്ചൈസികള്‍ കടുത്ത നിലപാടെടുക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പഞ്ചാബ് കിങ്‌സിന്റെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസനെതിരെയും ചോപ്ര വിമര്‍ശനമുന്നയിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെയാണ് ചോപ്ര വിമര്‍ശിച്ചത്.

2 കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ഫെര്‍ഗൂസനെ ടീം എടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അദ്ദേഹം ന്യൂസിലന്‍ഡിനായി കളിക്കുന്നു, അതിനുശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നാട്ടിലേക്ക് പോകുന്നു. അതൊരു മോശം കാര്യമാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഒരു ഉറപ്പ് നല്‍കിയ ശേഷം വെറുതെ അതിനായി ഏഴ് മത്സരങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് ശരിയല്ലെന്ന് ടീമുകള്‍ തിരിച്ചറിയണം,’ ചോപ്ര പറഞ്ഞു.

Content Highlight: Aakash Chopra criticize Cricket Australia

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more