ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് ക്രൈസ്റ്റ് ചര്‍ച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കാനായി പൊരുതുകയാണ്.
അഞ്ച് വിക്കറ്റ് നേടിയ ആകാശ് ദീപിന്റെ (5/99) മികവില്‍ ന്യൂസിലാന്‍ഡിനെ 356 റണ്‍സിന് പുറത്താക്കിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 എന്ന നിലയില്‍ പരുങ്ങുകയാണ് ഇന്ത്യ.
ഇതിനിടെ രണ്ടാം ടെസ്റ്റിലും പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് ആദ്യ ഇലവനില്‍ ഇടം കിട്ടിയിട്ടില്ല. പരിശീലകന് ഗൗതം ഗംഭീര്‍ വന്‍ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ നേരിടുന്നത്.
സിറാജില്ലാതെ എന്നാണ് ഇന്ത്യ അവസാനം ഒരു സേന രാജ്യത്ത് ടെസ്റ്റ് മത്സരം ജയിച്ചിരിക്കുന്നതെന്ന് ചോദിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്രിക്ഇന്‍ഫോയില്‍ യഷ് ഝായുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറാജ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതില്‍ പിന്നെ ഒരിക്കലും അത് സംഭവിച്ചിട്ടില്ലെന്നാണ് യഷ് ഝാ മറുപടി പറഞ്ഞത്. തനിക്കതിനപ്പുറം ഒന്നും പറയാനില്ല എന്നാണ് ആകാശ് ചോപ്ര പ്രതികരിച്ചത്.
View this post on Instagram
ഹോം ആണെങ്കിലും എവെ ആണെങ്കിലും ടെസ്റ്റ് മത്സരത്തിനുള്ള തന്റെ ടോപ് ത്രീ ബുംറ, സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാകുമെന്ന് ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന ലക്ഷ്യത്തിനായി ഒരു താരത്തിന്റെ കരിയറിലും മാനസികാവസ്ഥയിലും വിട്ടുവീഴ്ച ചെയ്യുകയാണെന്നും ചോപ്ര പറഞ്ഞു.
പ്രസക്തിയേതുമില്ലാത്ത ഒരു ഏകദിന മത്സരം കളിക്കാനാണോ സിറാജിനെ ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുപോയത് എന്നും അദ്ദേഹം ചോദിച്ചു. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ സിറാജ് കളിക്കേണ്ടതായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറാജിനെ കളിപ്പിക്കാതിരിക്കുന്നതില് യുക്തിസഹമായ കാരണമൊന്നുമില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
രണ്ടാം ദിനം അഞ്ചിന് 246 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 110 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് 356ല്‍ എത്തിയത്. രാത്രി കാവല്‍ക്കാരനായി ക്രീസിലുണ്ടായിരുന്ന ഗ്ലെന്‍ ഫിലിപ്സിനെ അധിക റണ്‍സ് നേടാനനുവദിക്കാതെ അന്‍ഷുല്‍ കാംബോജ് പുറത്താക്കി. എന്നാല്‍ പിന്നീട് എത്തിയ ബാറ്റര്‍മാരെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയായി.
ഏഴാം വിക്കറ്റില്‍ 44 റണ്‍സും എട്ടാം വിക്കറ്റില്‍ 33 റണ്‍സും ഒന്‍പതാം വിക്കറ്റില്‍ 42 റണ്‍സും കൂട്ടിച്ചേര്‍ത്തു. ടോം ബ്ലണ്ടല്‍ 89 റണ്‍സുമായി ന്യൂസിലന്‍ഡ് ഇന്നിങ്സിന് കരുത്തേകി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. മാറ്റ് ഹെന്റിയുടെ മികച്ച പന്തില്‍ ജയ്സ്വാള്‍ ബൗള്‍ഡായി. പിന്നാലെ എത്തിയ ദേവ്ദത്ത് പടിക്കല്‍ (21) കെയ്ല്‍ ജാമിസണിന്റെ പന്തില്‍ പുറത്തായി. ശുഭ്മന്‍ ഗില്ലിനെയും ജാമിസണ് മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ചായയ്ക്ക് ശേഷം ഋഷഭ് പന്തിനെയും കെ.എല്‍ രാഹുലിനെയും കൂടി നഷ്ടപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. 104 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായ ഘട്ടത്തില്‍ ധ്രുവ് ജുറേലും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.
ഇരുവരും ചേര്‍ന്ന് 15.1 ഓവര്‍ ക്രീസില്‍ നിന്ന് 12 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും 41 റണ്‍സ് വേണം.
Content Highlight: Aakash Chopra asks When did India win a Test in the SENA without Muhammed Siraj