ഏഷ്യാ കപ്പിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയായാണ് ടി-20 ഫോര്‍മാറ്റില്‍ നടക്കുന്ന ഇത്തവണത്തെ ഏഷ്യാ കപ്പിനെ പരിഗണിക്കുന്നത്.
ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ആരെത്തണമെന്നതിലാണ് പ്രധാന കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്നത്. ടോപ്പ് ഓര്‍ഡറില്‍ വെടിക്കെട്ട് നടത്തുന്ന സഞ്ജു സാംസണും മിഡില്‍ ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിതേഷ് ശര്‍മയുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഓപ്ഷനുകള്‍.
സഞ്ജു സാംസണ്‍
നേരത്തെ സഞ്ജു സാംസണെയാണ് ഫസ്റ്റ് ഓപ്ഷനായി പരിഗണിച്ചത്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലെത്തിയതോടെ ഓപ്പണിങ്ങില്‍ സഞ്ജുവിന്റെ സ്ഥാനവും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. മിഡില്‍ ഓര്‍ഡറില്‍ സഞ്ജുവിന്റ പ്രകടനം അത്രകണ്ട് മികച്ചതല്ലാത്തതിനാല്‍ ജിതേഷ് ശര്‍മ ടീമിലെത്തുമോ അതോ സഞ്ജുവിനെ ടോപ്പ് ഓര്‍ഡറില്‍ നിലനിര്‍ത്തുമോ എന്നതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
ജിതേഷ് ശര്‍മ
ഈ ചര്‍ച്ചകള്‍ക്കിടെ റിഷബ് പന്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത് റണ്‍വേട്ടക്കാരനായ റിഷബ് പന്തിന്റെ പേര് ടി-20 ഫോര്‍മാറ്റിലെ ചര്‍ച്ചകളില്‍ പോലുമില്ല എന്നാണ് ചോപ്ര പറയുന്നത്. പന്തിനെ തീര്‍ത്തും ഒഴിവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘റിഷബ് പന്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ 156 എന്ന മികച്ച സ്‌ട്രൈക് റേറ്റിലും 34 എന്ന ശരാശരിയിലുമാണ് സ്‌കോര്‍ ചെയ്യുന്നത്. ഇത് മികച്ചതാണ്. എന്നിരുന്നാലും നമ്മള്‍ ആദ്യ മൂന്നിലേക്ക് അവനെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല.
നാല് മുതല്‍ ഏഴ് വരെ നമ്പറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ 30 ശരാശരിയും 140 സ്‌ട്രൈക്ക് റേറ്റുമാണ് അവനുള്ളത്. ഇതും മോശമല്ലാത്ത പ്രകടനമാണ്.
റിഷബ് പന്ത്
അവന് അനുകൂലമായ ഒരു കാര്യത്തെ കുറിച്ച് ആളുകള്‍ സംസാരിക്കാത്തത് എന്നെ ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നു. നമ്മള്‍ ടി-20 ലോകകപ്പ് വിജയിച്ചപ്പോള്‍ റിഷബ് പന്തായിരുന്നു ഇന്ത്യയുടെ മൂന്നാമത് മികച്ച റണ്‍ വേട്ടക്കാരന്‍.
പാലില്‍ വീണ ഒരു ഈച്ചയെ പോലെ അവനെ എടുത്തുകളഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. ആരും തന്നെ അവനെ കുറിച്ച് സംസാരിക്കുന്നില്ല. ഒരുപക്ഷേ ഐ.പി.എല്ലിലെ മോശം പ്രകടനം കൊണ്ടായിരിക്കാം അത്. എന്നാല്‍ (ടി-20 ഫോര്‍മാറ്റിനെ സംബന്ധിച്ച) സംസാരത്തിനിടെ പോലും അവന്റെ പേര് വരാത്തത് തീര്‍ത്തും വിചിത്രമാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
ടി-20 ലോകകപ്പില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നും 24.42 ശരാശരിയില്‍ 171 റണ്‍സാണ് പന്ത് നേടിയത്. 127.61 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒറ്റ സെഞ്ച്വറിയോ അര്‍ധ സെഞ്ച്വറിയോ നേടാന്‍ പന്തിന് സാധിച്ചിരുന്നില്ല. 42 ആണ് ഉയര്‍ന്ന സ്‌കോര്‍.
2025 ഐ.പി.എല്ലില്‍ റിഷബ് പന്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായി ടീമിലെത്തിച്ച പന്തിന് തന്റെ പേരിനോടോ പെരുമയോടെ നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. 13 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 24.45 ശരാശരിയില്‍ 269 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. 133.16 ആയിരുന്നു പന്തിന്റെ സ്‌ട്രൈക് റേറ്റ്.
0 (2), 7 (6), 2 (5), 4 (2), 21 (18), 63 (49), 3 (9), 0 (6), 4 (2), 18 (17), 118* (61), 16* (6), 7 (6) എന്നിങ്ങനെയായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആര്? ആകാശ് ചോപ്ര പറയുന്നു..
2025 ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകണമെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്.
‘സഞ്ജു സാംസണ്‍ കഴിഞ്ഞ 12 മത്സരത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി. നിലവില്‍ സഞ്ജു തന്നെയാണ് ടീമിന്റെ ഭാഗവും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ആദ്യം പരിഗണിക്കേണ്ട പേര് സഞ്ജു സാംസണിന്റേത് തന്നെയാണ്.
ടി-20 ഫോര്‍മാറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ അവന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍, 33 എന്ന ശരാശരിയിലും 140+ സ്‌ട്രൈക്ക് റേറ്റിലും അവന്‍ 6,000ലധികം റണ്‍സ് നേടിയതായി കാണാം. ഇത് വളരെ മികച്ച പ്രകടനങ്ങളാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
Content Highlight: Aakash Chopra about Rishabh Pant