ഇന്ത്യ – വെസ്റ്റ് ഇന്ഡീസ് ടി-20 പരമ്പരയിലെ നിര്ണായകമാ സീരീസ് ഡിസൈഡര് മത്സരത്തില് ഇന്ത്യയുടെ സീനിയര് പേസര് ഭുവനേശ്വര് കുമാര് മികച്ച ഫോമിലുള്ള വെസ്റ്റ് ഇന്ഡീസ് നായകന് ഷായ് ഹോപ്പിനെ പുറത്താക്കാന് സാധ്യതയുണ്ടെന്ന് മുന് താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഏറെക്കാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ഭുവനേശ്വറിന് ബെംഗളൂൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയവുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ആകാശ് ചോപ്ര സംസാരിച്ചു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ഹൈദരാബാദില് നടന്ന നാലാം മത്സരത്തില് ബോളിങ് ഷോള്ഡറിന് പരിക്കേറ്റ അര്ഷ്ദീപ് സിങ്ങിന് പകരമായാണ് ഭുവനേശ്വര് കുമാര് അഞ്ചാം ടി-20ക്കുള്ള ഇന്ത്യന് ടീമില് ഇടംനേടിയത്.
പ്ലെയിങ് ഇലവനില് അവസരം ലഭിക്കുകയാണെങ്കില്, നാല് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാകും ഭുവി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.
ഹൈദരാബാദില് നടന്ന നാലാം ടി-20യില് പുറത്താകാതെ 50 പന്തുകളില് നിന്ന് 102 റണ്സ് നേടിയ ഷായ് ഹോപ്പിന്റെ തകര്പ്പന് സെഞ്ച്വറിയുടെ കരുത്തിലാണ് വെസ്റ്റ് ഇന്ഡീസ് ഇന്ത്യയെ 24 റണ്സിന് പരാജയപ്പെടുത്തിയത്. ഈ പരമ്പരയിലുടനീളം തകര്പ്പന് ഫോം തുടരുന്ന ഹോപ്പ്, ടി20യില് ഏറ്റവും കൂടുതല് സെഞ്ച്വറികള് നേടുന്ന വെസ്റ്റ് ഇന്ഡീസ് താരമെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോര്ഡും മറികടന്നിരുന്നു.
ഷായ് ഹോപ്
മിന്നുന്ന ഫോമില് തുടരുന്ന ഹോപ്പിന്റെ പ്രകടനം തന്നെയാകും സീരീസ് ഡിസൈഡറിലെ ഡിസൈഡിങ് ഫാക്ടര്.
‘ഭുവനേശ്വര് കുമാര് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് എവിടെയാണ്? ചിന്നസ്വാമി സ്റ്റേഡിയത്തില്. നാല് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനും കളമൊരുങ്ങുന്നത് ചിന്നസ്വാമി സ്റ്റേഡിയത്തില് തന്നെയാണ്.
ഭുവനേശ്വര് കുമാര്
റോയല് ചലഞ്ചേഴ്സ് ബെംഗളൂരു തുടര്ച്ചയായി ഐ.പി.എല് കിരീടങ്ങള് (2025, 2026 വര്ഷങ്ങളില്) സ്വന്തമാക്കിയതില് ഭുവനേശ്വര് കുമാറിന് വലിയൊരു പങ്കുണ്ടായിരുന്നു.
ഇപ്പോള് ഇതാ പരമ്പരയിലെ വിധി നിര്ണയിക്കുന്ന അവസാന മത്സരത്തിനായി വീണ്ടും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുന്നു. ഭുവനേശ്വര് കുമാര്, ചിന്നസ്വാമി സ്റ്റേഡിയം, ആര്.സി.ബി – ഇവ തമ്മില് എന്തോ ഒരു പ്രത്യേക ബന്ധമുണ്ട്.
ഭുവനേശ്വർ കുമാർ. Photo: RCB/x.com
വെസ്റ്റ് ഇന്ഡീസിനെതിരായ അവസാന മത്സരത്തിനായി ഭുവി ഇതിനകം തന്നെ ഇവിടെയെത്തിയിരിക്കുന്നു എന്നതില് എനിക്ക് വളരെ സന്തോഷമുണ്ട്. ആര്ക്കറിയാം, ഒരുപക്ഷേ അദ്ദേഹം ഷായ് ഹോപ്പിനെ പുറത്താക്കിയേക്കാം,’ അദ്ദേഹം പറഞ്ഞു.
2012 ഡിസംബര് 25-ന് ബെംഗളൂരുവില് പാകിസ്ഥാനെതിരെയായിരുന്നു ഭുവനേശ്വര് കുമാറിന്റെ ടി-20 അരങ്ങേറ്റം. 332 ടി-20 മത്സരങ്ങളില് നിന്നായി 7.38 ഇക്കോണമി റേറ്റില് 363 വിക്കറ്റുകള് താരം സ്വന്തമാക്കിയിട്ടുണ്ട്.
ഐ.പി.എല് 2026 സീസണില് ഏറ്റവും മികച്ച രണ്ടാമത് വിക്കറ്റ് വേട്ടക്കാരനും ഭുവി തന്നെയായിരുന്നു. 16 മത്സരങ്ങളില് നിന്ന് 28 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
Content Highlight: Aakash Chopra about Bhuvneshwar Kumar