| Saturday, 17th October 2026, 1:15 pm

മലയാളത്തില്‍ പാളിയാലും തെലുങ്കില്‍ പാളില്ല, ഇത്തവണയും ക്വാളിറ്റി ഐറ്റം തന്നെ; പ്രതീക്ഷയുണര്‍ത്തി ദുല്‍ഖറിന്റെ ആകാസം ലോ ഒക്ക താര ടീസര്‍

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലാണ് കരിയറാരംഭിച്ചതെങ്കിലും പിന്നീട് തന്റേതായ ഒരു ഐഡന്റിറ്റി ദുല്‍ഖര്‍ സൃഷ്ടിച്ചു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഡി.ക്യു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തില്‍ അവസാനമായി ദുല്‍ഖര്‍ നായകനായ രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയിരുന്നു. വന്‍ ഹൈപ്പിലെത്തിയ കിങ് ഓഫ് കൊത്ത പരാജയമായപ്പോള്‍ ഒരിടവേളക്ക് ശേഷം മോളിവുഡില്‍ നായകനായ ഐ ആം ഗെയിം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആകാസം ലോ ഒക്ക താരയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തെലുങ്കില്‍ അടുത്ത സൂപ്പര്‍ഹിറ്റിനുള്ള സൂചനയാണ് ടീസര്‍ സമ്മാനിക്കുന്നത്. ആന്ധ്രയിലെ ഒരു സാധാരണ ഗ്രാമത്തിലെ അമ്മുലു എന്ന പെണ്‍കുട്ടി ആസ്‌ട്രോനോട്ട് ആകണമെന്ന് ആഗ്രഹിക്കുന്നതും അതിനായി പ്രയത്‌നിക്കുന്നതുമാണ് ചിത്രത്തിന്റെ കഥയെന്ന് ടീസര്‍ സൂചന നല്‍കുന്നു. പുതുമുഖമായ സാത്വിക വീരവല്ലിയാണ് കൃഷ്ണയായി വേഷമിടുന്നത്.

അമ്മുലുവിന്റെ ആഗ്രഹം സഫലമാക്കാനായി അവള്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താവ് കൃഷ്ണ എന്ന വേഷമാണ് ദുല്‍ഖറിന്റേത്. ലക്കി ഭാസ്‌കര്‍, കാന്താ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ എന്ന പെര്‍ഫോമര്‍ തിളങ്ങാന്‍ പോകുന്ന ചിത്രമാകും ആകാസം ലോ ഒക്ക താര. മേക്കിങ്ങായാലും ഡയലോഗുകളായാലും ഗംഭീര സിനിമയാകും ഇതെന്ന് ടീസര്‍ അടിവരയിടുന്നു.

ദുല്‍ഖറിനും സാത്വികക്കും പുറമെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുരളി ശര്‍മ, സ്വാസിക എന്നിവര്‍ ശക്തമായ വേഷം തന്നെയാകും കൈകാര്യം ചെയ്യുന്നത്. ഇരുമുടിയിലൂടെ തെലുങ്കില്‍ വലിയ റീച്ച് നേടിയ സ്വാസിക ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ശ്രുതി ഹാസനും ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

നവാഗതനായ പവന്‍ സദിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജി.വി. പ്രകാശാണ് ആകാസം ലോ ഒക്ക താരയുടെ സംഗീതം. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓമിനൊപ്പമാണ് ചിത്രത്തിന്റെ റിലീസെന്നതും സിനിമാപേജുകളില്‍ ചര്‍ച്ചാവിഷയമാണ്.

Content Highlight: Aakasam Lo Oka Tara movie teaser out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more