| Sunday, 22nd November 2026, 8:40 am

കുറവ് സ്‌ക്രീനുകളും ലിമിറ്റഡ് ഷോയും... ശനിയാഴ്ച ഹൈദരബാദില്‍ 120 ഷോയും സോള്‍ഡ് ഔട്ടാക്കി ഡി.ക്യു ഗാരു; ബോക്‌സ് ഓഫീസില്‍ കത്തിക്കയറി എ.ഒ.ടി

അമര്‍നാഥ് എം.

മലയാളത്തില്‍ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പാളിയാലും തെലുങ്കില്‍ അങ്ങനെയൊന്ന് ഉണ്ടാകില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആകാസം ലോ ഒക്ക താരക്കും മികച്ച പ്രതികരണം ലഭിച്ചതോടെ തെലുങ്കിലെ ഹിറ്റ് സ്ട്രീക്ക് തുടരുകയാണ്. സമീപകാലത്ത് വന്ന ഏറ്റവും മികച്ച ഫീല്‍ ഗുഡ് ചിത്രമെന്നാണ് പലരും എ.ഒ.ടിയെ വിശേഷിപ്പിക്കുന്നത്.

രാമായണയുടെ വമ്പന്‍ കുതിപ്പും തമിഴ് ചിത്രം ഒ.എമ്മിന്റെയും മറ്റ് തെലുങ്ക് സിനിമകളുടെ റിലീസും കാരണം വളരെ കുറവ് സ്‌ക്രീനുകളാണ് ലഭിച്ചത്. 1600ലധികം സ്‌ക്രീനുകളുള്ള ആന്ധ്രയില്‍ 450 സ്‌ക്രീനുകളിലാണ് എ.ഒ.ടി പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനം ബോക്‌സ് ഓഫീസില്‍ സ്ട്രഗിള്‍ ചെയ്ത ചിത്രം രണ്ടാം ദിനം വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്.

ആകാസം ലോ ഒക്ക താര Photo: Theatrical poster

ഹൈദരബാദില്‍ കഴിഞ്ഞദിവസത്തെ എല്ലാ ഷോയും സോള്‍ഡ് ഔട്ടായതാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച. 120ഷോയും ഹൗസ്ഫുള്ളായിരുന്നെന്ന് ട്രാക്കര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ലിമിറ്റഡ് റിലീസിലൂടെ ഇന്നലെ മാത്രം 75000ത്തിനടുത്ത് ടിക്കറ്റുകള്‍ ചിത്രത്തിന്റേതായി വിറ്റുപോയെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിലും വേര്‍ഡ് ഓഫ് മൗത്തിലൂടെ മികച്ച മുന്നേറ്റം എ.ഒ.ടി നടത്തുകയാണ്. രാമായണയും ഓ.എമ്മും തന്നെയാണ് കേരള ബോക്‌സ് ഓഫീസില്‍ എ.ഒ.ടിയുടെ പ്രധാന എതിരാളികള്‍. താരതമ്യേന ചെറിയ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം രണ്ടാം ദിനം കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. പലയിടത്തും എക്‌സ്ട്രാ ഷോയും എ.ഒ.ടിക്കായി നടത്തിയിരുന്നു.

ആകാസം ലോ ഒക്ക താര Photo: Screen grab/ Geetha Arts

നിര്‍മാതാക്കള്‍ക്ക് ലാഭമാകണമെങ്കില്‍ 85 കോടിക്കടുത്ത് ആവശ്യമാണെന്ന് ട്രാക്കിങ് പേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് ലോങ് റണ്‍ ലഭിച്ചാല്‍ മാത്രമേ ഈയൊരു ഫിഗര്‍ ലഭിക്കുള്ളൂ. ഡിസംബര്‍ പകുതി വരെ വലിയ റിലീസുകളൊന്നുമില്ലാത്തത് എ.ഒ.ടിക്ക് ഗുണം ചെയ്യും. നല്ല കണ്ടന്റുകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമയെയും സ്വീകരിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

ആന്ധ്രയിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് വലിയ സ്വപ്‌നങ്ങള്‍ കാണുന്ന താര എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിന്റെ പ്രകടനമാണ് എ.ഒ.ടിയെ ഗംഭീരമാക്കുന്നത്. പവന്‍ സദിനേനി സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക. ശ്രുതി ഹാസന്‍, സ്വാസിക, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Aakasam Lo Oka Tara made a good jump in Box office on second day

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more