ഒരേ കഥപാത്രങ്ങളെ വെച്ചുകൊണ്ട് ഒരു ഫ്രാഞ്ചൈസിലെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുക എന്നത് ഏത് ഇന്‍ഡസ്ട്രിയിലായാലും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കോമഡി ഴോണറിലുള്ള ചിത്രങ്ങളാകുമ്പോള്‍ വലിയ വെല്ലുവിളിയാണ് സംവിധായകനും ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും നേരിടേണ്ടി വരിക. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പിറന്ന ആട് 3 തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുന്നത്.
ആട് 3. Photo: Friday Film House
കോമഡിക്കൊപ്പം ടൈം ട്രാവല്‍ എന്ന ആശയം കൂടി കൊണ്ടുവന്ന ചിത്രം റിലീസായി മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഏകദേശം 48 കോടി രൂപ നേടി ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന കഥാപാത്രമായ സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കുകയും ചെയ്ത വിജയ് ബാബു ആടിലെ തമാശകളും കൗണ്ടര്‍ ഡയലോഗുകളും വന്ന വഴിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടിയിന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ആടിന്റെ സെറ്റിലെ അനുഭവം പങ്കുവെച്ചത്.
‘ആടിന്റെ സെറ്റില്‍ ഒരുപാട് ഇംപ്രൊവൈസേഷന്‍സ് ചെയ്തിട്ടാണ് സൈജു സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നത്. ആ സെറ്റ് തന്നെ ഒരു ഇംപ്രൊവൈസേഷന്‍ സെറ്റാണ്. അതായത് ജയസൂര്യയെല്ലാം ക്യാരക്ടറില്‍ ജീവിക്കുന്ന മനുഷ്യനാണ്. ഒരു ക്യാരക്ടര്‍ ആയി കഴിഞ്ഞാല്‍ പുള്ളിയെ ആരും ഡിസ്റ്റര്‍ബ് ചെയ്യാന്‍ പോകാന്‍ പാടില്ല. വീട്ടിലെല്ലാം പോയാല്‍ പുള്ളി ഉറങ്ങാറുണ്ടെന്ന് പോലും തോന്നുന്നില്ല.
അദ്ദേഹം നോട്‌സെല്ലാം എഴുതിവെക്കും. ഉദാഹരണത്തിന് തനിക്ക് നടുവേദനയുള്ള സീനില്‍ എന്തെല്ലാം പറയാം എന്ന് നമ്പറിട്ട് എഴുതിവെക്കും. എന്നിട്ട് വലിയ ഷീറ്റുമായിട്ടാണ് അഭിനയിക്കാന്‍ വരുന്നത്. ആ പേപ്പര്‍ നോക്കി പറഞ്ഞാല്‍ മാത്രം മതി. ധര്‍മജനും വിനായകനുമെല്ലാം കൈയ്യില്‍ നിന്നുമിട്ട് ആളുകളെ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. എന്റെ ക്യാരക്ടറിനെ മിഥുന്‍ സ്വതന്ത്രമായി വിടും, കാരണം എന്റെ കൂടെ സിനിമയായത് കൊണ്ട് മോശമാക്കില്ല എന്ന് അദ്ദേഹത്തിനറിയാം.
ആട് 3. Photo: Book My show
സൈജുവിന് നോര്‍ത്ത് ഇന്ത്യയില്‍ പഠിച്ചതുകൊണ്ട് മലയാളത്തില്‍ പല വാക്കുകളും ആദ്യം കിട്ടാറില്ല. എക്‌സാമിന് ഇരുന്ന് പഠിക്കുന്ന പോലെയാണ് . പലപ്പോഴും സെറ്റില്‍ ഒരു പേപ്പറും കൊണ്ട് ചെന്ന് ഓരോരുത്തരുടെയടുത്തായി ഈ സീനില്‍ എന്ത് കൗണ്ടര്‍ പറയാം എന്ന് സൈജു ചോദിക്കും. ഇത് പോലെ ജയസൂര്യയുടെ അടുത്ത് ചെല്ലും. അദ്ദേഹം പേപ്പര്‍ എടുത്തിട്ട് എടുക്കാത്ത കൗണ്ടറുകള്‍ സൈജുവിന് നല്‍കും. ഇങ്ങനെ നാല് തലകള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടാണ് സൈജുവിന്റെ ഇംപ്രൊവൈസേഷന്‍ നടക്കുന്നത്,’ വിജയ് ബാബു പറഞ്ഞു.
ആടിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം 2017 ല്‍ തിയേറ്ററുകളിലെത്തിയത്. ആദ്യ ഭാഗത്തേതും കൂട്ടി വലിയ വിജയമാണ് ആട് 2 വിന് മലയാളി പ്രേക്ഷകര്‍ ബോക്‌സ് ഓഫീസില്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലെ അടുത്ത നൂറ് കോടി ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlight: Aadu 3 producer and actor Vijay Babu talks about improvisation by each characters in the movie