| Thursday, 19th March 2026, 3:17 pm

പാപ്പന്റെ ടൈമും ട്രാവലും ഇത്തവണയും ഗതി പിടിക്കുന്നില്ല, ക്ലൈമാക്‌സില്‍ കത്തിക്കയറുന്ന ആട് 3

അമര്‍നാഥ് എം.

തിയേറ്ററില്‍ പരാജയമായ ഒരു സിനിമ, ഡി.വി.ഡി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസായപ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിന് രണ്ടാം ഭാഗം വരികയും ബ്ലോക്ക്ബസ്റ്ററാവുകയും ചെയ്യുന്നു. ലോക സിനിമാചരിത്രത്തില്‍ ഇങ്ങനെയൊരു റെക്കോഡ് ആട് ഫ്രാഞ്ചൈസിക്ക് മാത്രമേ ഉണ്ടാവുള്ളൂ. ഒമ്പത് വര്‍ഷത്തിന് ശേഷം പാപ്പനും കൂട്ടരും വീണ്ടുമെത്തുമ്പോള്‍ ഹൈപ്പ് വാനോളമാണ്.

രണ്ടാം ഭാഗത്തില്‍ കമ്മട്ടവും കപ്പും പോയി ഒരു ബാഗ് നിറയെ ഡോളറും കിട്ടിയ പാപ്പന്‍ മൂന്നാം ഭാഗത്തിലെത്തുമ്പോഴും ഗതി പിടിക്കുന്നില്ലെന്ന് കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പാപ്പന്റെ ഗ്യാങ്ങിലെ മണ്ടന്മാരുടെ മണ്ടത്തരത്തിനും ഒട്ടും കുറവില്ല. എന്നാല്‍ ഇത്തവണ പാപ്പന്റെ ഗ്യാങ് പറയുന്ന തമാശകളില്‍ പലതും വര്‍ക്കായിട്ടില്ല.

നൊസ്റ്റാള്‍ജിക് ബി.ജി.എമ്മുകള്‍ കൊണ്ട് തിയേറ്റര്‍ പൂരപ്പറമ്പാക്കിയതും പഴയകാലത്തെ കാര്യങ്ങള്‍ കാണിച്ചുകൊണ്ടുമാണ് ആദ്യപകുതി മുന്നേറുന്നത്. പുതിയൊരു വേള്‍ഡ് ബില്‍ഡിങ്ങിന് വേണ്ടി അത്യാവശ്യം നല്ല രീതിയില്‍ സമയമെടുക്കുന്നുണ്ടെങ്കിലും ഒട്ടും ബോറഡി തോന്നിക്കാത്തത് സംവിധായകന്റെ വിജയമാണ്.

രണ്ടാം പകുതി തുടങ്ങുന്നത് തന്നെ തിയേറ്ററിനെ ഇളക്കിമറിച്ചുകൊണ്ടുള്ള ഡ്യൂഡിന്റെ വരവിലൂടെയാണ്. പിന്നീട് ആട് ഫ്രാഞ്ചൈസിയുടെ സ്ഥിരം രീതിയായ എല്ലാ കഥാപാത്രങ്ങളും തമ്മിലുള്ള ക്രോസ് ഓവറും കയോസും എല്ലാമായി നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. വളരെ ഹൈ ആയിട്ടുള്ള മൊമന്റില്‍ അടുത്തത് എന്ത് എന്ന് ചിന്തിക്കുന്നിടത്ത് മൂന്നാം ഭാഗം അവസാനിക്കുകയാണ്.

വലിയൊരു യുദ്ധത്തിനുള്ള സൂചനയും അതിനെക്കാളേറെ ആകാംക്ഷയുമാണ് ടെയ്ല്‍ എന്‍ഡ് സമ്മാനിച്ചത്. ഫസ്റ്റ് പാര്‍ട്ടില്‍ നീലക്കൊടുവേലിയും സെക്കന്‍ഡ് പാര്‍ട്ടില്‍ കമ്മട്ടവും പോലെ ഇതിലും ഒരു പ്രത്യേക വസ്തുവിന് വേണ്ടിയാണ് എല്ലാവരും ഓടുന്നത്. റിലീസിന് മുമ്പ് കേട്ട ടൈം ട്രാവല്‍ എന്ന ഫാക്ടര്‍ ഒട്ടും മടുപ്പിക്കാതെ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ കണ്ടതെല്ലാം സാമ്പിളാണെന്നും യഥാര്‍ത്ഥ പൂരം ഇനി കൊടിയേറുകയാണെന്നും സിനിമ പറഞ്ഞുവെക്കുന്നു.

പ്രകടനത്തിന്റെ കാര്യത്തില്‍ നായകനായ ജയസൂര്യ ഗംഭീരമാക്കിയിട്ടുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനായി എത്തുമ്പോള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒട്ടും ഡൗണായിട്ടില്ല. ഗതി പിടിക്കാത്ത അവസ്ഥയിലും പാപ്പന്റെ പഞ്ച് ഡയലോഗുകളും ചില തമാശകളും തിയേറ്ററിനെ പൂരപ്പറമ്പാക്കുന്നുണ്ട്. പണിക്കരെ കാണാന്‍ പോകുന്ന സീന്‍ ആദ്യാവസാനം കൗണ്ടറുകളുടെ പെരുമഴയായിരുന്നു.

എന്നാല്‍ ഷാജി പാപ്പനെക്കാള്‍ തകര്‍ത്തുവാരിയത് വിനായകന്റെ ഡ്യൂഡ്/ അസ്‌ലം ഖാനും ഇന്ദ്രന്‍സിന്റെ ശശി/ കേളു നായരുമാണ്. അധികം കോമഡികളൊന്നുമില്ലെങ്കിലും ഡ്യൂഡ് എന്ന കഥാപാത്രത്തിന് കേരളത്തിലുള്ള ഫാന്‍ബേസ് അതിഭീകരമാണ്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ സ്‌ക്രീനിന് തീപിടിക്കുന്ന തരത്തില്‍ മാസ് റീ എന്‍ട്രിയാണ് ഡ്യൂഡ് നടത്തുന്നത്.

ഹൈറേഞ്ചിലെ വിപ്ലവ സിംഹമായ ശശിയാശാന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല. ചെ ഗുവേരയുടെ ഗെറ്റപ്പില്‍ ഇന്ദ്രന്‍സിന്റെ എന്‍ട്രി കൈയടികള്‍ നേടി. സണ്ണി വെയ്‌നിന്റെ സാത്താന്‍ സേവ്യര്‍, വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍, സൈജു കുറുപ്പിന്റെ അറക്കല്‍ അബു എന്നിവരെല്ലാം അവരാല്‍ കഴിയും വിധം സിനിമ ഗംഭീരമാക്കിയിട്ടുണ്ട്.

സ്‌ക്രിപ്‌റ്റെഴുതിയ ത്രില്ലറുകള്‍ക്കെല്ലാം വിമര്‍ശനം നേരിട്ടിട്ടുണ്ടെങ്കിലും തന്നിലെ സംവിധായകന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് മിഥുന്‍ മാനുവല്‍ തെളിയിച്ചു. രണ്ട് വ്യത്യസ്ത കാലഘട്ടത്തിലെ കഥപറച്ചിലിലും മേക്കിങ്ങില്‍ ഒരിടത്തുപോലും ഗ്രാഫ് താഴ്ന്നിട്ടില്ല. ഇതിന്റെ ത്രില്‍ അവസാനിക്കുന്നതിന് മുമ്പ് അടുത്ത ഭാഗം വേഗം പുറത്തിറക്കാന്‍ മിഥുന് സാധിക്കട്ടെ.

നൊസ്റ്റാള്‍ജിക് ഫാക്ടര്‍ വര്‍ക്ക് ചെയ്യിച്ച പഴ ഐക്കോണിക് ബി.ജി.എം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് ബി.ജി.എം ഒന്നും വര്‍ക്കായിട്ടില്ല. പഴയ കാലഘട്ടത്തിലെ ബി.ജി.എമ്മുകള്‍ ഒരു ഇംപാക്ടും ഉണ്ടാക്കിയില്ലെന്ന് എടുത്തുപറയണം. ഷാന്‍ റഹ്‌മാന് പകരം ഡോണ്‍ വിന്‍സെന്റ് വന്നിട്ടും രക്ഷയില്ലാതെ പോയി.

അഖില്‍ ജോര്‍ജിന്റെ ഛായാഗ്രഹണവും ലിജോ പോളിന്റെ എഡിറ്റിങ്ങും സിനിമയെ താങ്ങിനിര്‍ത്തുന്നുണ്ട്. മൊത്തത്തില്‍ പാക്ക്ഡ് ആയിട്ടുള്ള തിയേറ്ററില്‍ എന്‍ജോയ് ചെയ്ത് കാണാന്‍ സാധിക്കുന്ന പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് ആട് 3: വണ്‍ ലാസ്റ്റ് റൈഡ്, പാര്‍ട്ട് വണ്‍.

Content Highlight: Aadu 3 movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more