ആദ്യഭാഗത്തെ പരാജയപ്പെടുത്തിയെങ്കിലും പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് രണ്ടാം ഭാഗത്തെ പലിശയും ചേര്‍ത്ത് വിജയിപ്പിച്ച് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത ഫ്രാഞ്ചൈസാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ആട്. രണ്ടാം ഭാഗത്തിന് കിട്ടിയ മികച്ച വിജയത്തിന് പിന്നാലെ ഷാജി പാപ്പനും ടീമും ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തിയിരുന്നു.
ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ടൈം ലൂപ്പ് എന്ന കണ്‍സെപ്റ്റും ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ മികച്ച പ്രതികരണമാണ് ആട് 3 കണ്ടിറങ്ങിയവരില്‍ നിന്നും ലഭിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് മൂന്നാം ഭാഗവും ഒരുക്കിയിരിക്കുന്നതെന്നും ഷാജി പാപ്പനും പിള്ളേരും ഡ്യൂഡും സീന്‍ തൂക്കിയെന്നുമടക്കം വലിയ ആവേശത്തോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ആട് 2. Photo: IMDB
കണ്ടുപരിചയിച്ചിട്ടില്ലാത്ത രീതിയില്‍ വലിയ ആരവമാണ് കോമഡി ചിത്രമായിരുന്നിട്ട് കൂടി ചിത്രത്തിന് ലഭിച്ചതെന്നും ആദ്യ ഭാഗങ്ങളില്‍ കണ്ടിട്ടില്ലാത്ത ഴോണര്‍ മാറ്റങ്ങള്‍ മൂന്നാം ഭാഗത്തില്‍ മികച്ച രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്നും ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നു. ഒട്ടനവധി മണ്ടന്‍ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിലെ തമാശകള്‍ പലതും വര്‍ക്കാവുന്നുണ്ടെന്നും അഭിപ്രായമുണ്ട്.
മികച്ച രീതിയില്‍ എന്‍ഗേജ് ചെയ്യിക്കുന്ന ചിത്രം മൂന്നാംഭാഗത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചന നല്‍കിക്കൊണ്ട് സംവിധായകന്‍ അവസാനിപ്പിച്ചത് മനോഹരമായിട്ടാണെന്നും കമന്റുകളുണ്ട്. എന്നാല്‍ ചിത്രത്തിലെ ഐക്കോണിക്ക് ബി.ജി.എമ്മുകളൊഴിച്ച് മറ്റ് ഗാനങ്ങളെല്ലാം ശരാശരി മാത്രമാണെന്നും അഭിപ്രായങ്ങളുണ്ട്.
വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് പ്രീ സെയിലിലൂടെ മാത്രം ഇതുവരെ ഏഴുകോടിയോളം രൂപ കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ക്കിടെയാണ് ചിത്രം മികച്ച ബുക്കിങ് സ്വന്തമാക്കിയിരിക്കുന്നത്.
Content Highlight: Aadu 3 Gets positive response after First Show