| Saturday, 21st March 2026, 10:42 pm

രണ്ട് ദിവസം കൊണ്ട് 48 കോടിയുമായി ആട് 3, മമ്മൂട്ടിക്ക് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനൊരുങ്ങി ജയസൂര്യ

അമര്‍നാഥ് എം.

ആദ്യഭാഗം പരാജയമായതിന്റെ പലിശയടക്കം തീര്‍ക്കുമെന്ന് ഉറപ്പിച്ചുകൊണ്ടാണ് ആട് 3 ബോക്‌സ് ഓഫീസിനെ അടിച്ച് തൂഫാനാക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററായി മാറിയ ആട് 3 വമ്പന്‍ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യദിനം 18 കോടിയിലേറെ നേടിയ ചിത്രം രണ്ട് ദിവസം കൊണ്ട് 40 കോടിയോളമാണ് സ്വന്തമാക്കിയത്.

രണ്ട് ദിവസം കൊണ്ട് 40 കോടി നേടിയ ചിത്രം ഇന്നത്തോടെ 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടുന്ന രണ്ടാമത്തെ ചിത്രമായി ആട് 3 മാറുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാല്‍ നായകനായ എമ്പുരാനാണ് ഒന്നാം സ്ഥാനത്ത്. റിലീസിന് മുമ്പ് തന്നെ ചിത്രം 50 കോടിയോളം നേടിയിരുന്നു.

നോണ്‍ എമ്പുരാന്‍ റെക്കോഡില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ് ആട് 3. ഇതേ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ ആട് 3 100 കോടി ക്ലബ്ബില്‍ ഇടംനേടിയേക്കുമെന്നും പലരും കണക്കുകൂട്ടുന്നുണ്ട്. കരിയറില്‍ ഇതുവരെ 50 കോടി ചിത്രമില്ലാത്ത ജയസൂര്യയുടെ ഡയറക്ട് 100 കോടി ക്ലബ്ബ് എന്‍ട്രി ആട് 3യിലൂടെ സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ഏഴാമത്തെ മലയാളതാരമായി ജയസൂര്യ മാറിയേക്കും. മലയാളത്തിലെ മുന്‍നിര താരമായ മമ്മൂട്ടി പോലും 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നതിന് മുമ്പ് ജയസൂര്യ ആ ലിസ്റ്റില്‍ കയറിപ്പറ്റുമോ എന്നതാണ് ചര്‍ച്ച. 2016ലാണ് ആദ്യമായി ഒരു മലയാള നടന്‍ 100 കോടി ക്ലബ്ബില്‍ ഇംടനേടിയത്. പുലിമുരുകനിലൂടെ മോഹന്‍ലാലാണ് ഈ ക്ലബ്ബ് ആരംഭിച്ചത്.

മോഹന്‍ലാലിന് ശേഷം പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നസ്‌ലെന്‍, ടൊവിനോ, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജയസൂര്യയും ഈ ലിസ്റ്റില്‍ ഇടംനേടിയാല്‍ മോളിവുഡിന്റെ റേഞ്ച് വലുതാകുമെന്ന് ഉറപ്പാണ്. ആട് എന്ന ഫ്രാഞ്ചൈസിക്കും ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനുമുള്ള ഫാന്‍ ബേസാണ് ഈ വിജയത്തിന് കാരണം.

ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍ വ്യത്യസ്തമായ കഥപറച്ചിലാണ് ആട് 3 പരീക്ഷിക്കുന്നത്. രണ്ട് വ്യത്യസ്ത കാലഘട്ടവും ഇതുവരെ പരീക്ഷിക്കാത്ത ടൈം ട്രാവല്‍ എലമെന്റും ചേര്‍ത്താണ് മിഥുന്‍ മാനുവല്‍ ആട് 3 ഒരുക്കിയത്. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. അധികം വൈകാതെ ചിത്രത്തിന്റെ വര്‍ക്ക് ആരംഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Aadu 3 collected more than 40 crores within two days

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more