| Friday, 20th March 2026, 10:37 pm

ഷണ്മുഖനെയും ടര്‍ബോ ജോസിനെയും തീര്‍ത്ത് ഷാജി പാപ്പന്‍, ബോക്‌സ് ഓഫീസില്‍ പുതിയ ബ്രാന്‍ഡായി മാറി ആട് 3

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ് ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആദ്യഭാഗം പരാജയപ്പെട്ടിട്ടും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും ബ്ലോക്ക്ബസ്റ്ററാക്കിയ അപൂര്‍വ നേട്ടവും ആട് ഫ്രാഞ്ചൈസിയുടെ പേരിലായിക്കഴിഞ്ഞു.

ഇപ്പോഴിതാ ആട് 3യുടെ ആദ്യദിന കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. 18.3 കോടിയാണ് ചിത്രം വേള്‍ഡ്‌വൈഡായി നേടിയത്. ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മലയാളചിത്രമായി ആട് 3 മാറിക്കഴിഞ്ഞു. ഈ വര്‍ഷത്തെ മാത്രമല്ല, മലയാളത്തിലെ ടോപ് ഫൈവ് ഓപ്പണിങ് ഡേ കളക്ഷനിലും ആട് 3 ഇടംപിടിച്ചു. കേരളത്തില്‍ നിന്ന് 5.3 കോടിയാണ് ചിത്രം നേടിയത്.

മലയാളത്തിലെ ബിഗ് എംസായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രണ്ട് ബ്ലോക്ക്ബസ്റ്ററുകളെ മറികടന്നാണ് ഷാജി പാപ്പന്‍ ആദ്യ അഞ്ചില്‍ ഇടംനേടിയത്. മമ്മൂട്ടിയുടെ ടര്‍ബോ (16.2), മോഹന്‍ലാലിന്റെ തുടരും (17.3 കോടി) എന്നിവയെയാണ് ആട് 3 മറികടന്നത്. ആട് എന്ന ഫ്രാഞ്ചൈസിക്ക് മോളിവുഡിലുള്ള ഫാന്‍ബേസാണ് ഈ ഫസ്റ്റ് ഡേ കളക്ഷന്‍ വെളിവാക്കുന്നത്.

മോഹന്‍ലാല്‍ നായകനായ എമ്പുരാനാണ് ഒന്നാം സ്ഥാനത്ത്. 68 കോടിക്ക് മുകളിലാണ് എമ്പുരാന്‍ നേടിയത്. മോഹന്‍ലാലിന്റെ മരക്കാര്‍ (20.3 കോടി) രണ്ടാം സ്ഥാനത്തും ദുല്‍ഖറിന്റെ കുറുപ്പ് (19 കോടി), മോഹന്‍ലാലിന്റെ ഒടിയന്‍ (18.2 കോടി) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ടോപ് ഫൈവിലെ മൂന്ന് സിനിമകളും മോഹന്‍ലാലിന്റെ പേരിലാണെന്നതും ശ്രദ്ധേയമാണ്.

ഈദ് അവധി മുതലെടുത്ത് ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനാണ് ആട് 3 ലക്ഷ്യം വെക്കുന്നത്. എല്ലാം ഒത്തുവരികയാണെങ്കില്‍ ഈ വര്‍ഷത്തെ ആദ്യ 100 കോടി ആട് 3യിലൂടെ ലഭിക്കുമെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആട് 3 നേടുന്ന റെക്കോഡുകളെല്ലാം തകര്‍ക്കാന്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് സാധിക്കുമെന്നും പലരും കണക്കുകൂട്ടന്നുണ്ട്.

ഷാജി പാപ്പന്റെ മൂന്നാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ്. ആദ്യഭാഗങ്ങളിലേതെന്ന പോലെ മൂന്നാം ഭാഗത്തിലും കോമഡിക്ക് തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ കോമഡിക്കൊപ്പം ഴോണര്‍ ഷിഫ്റ്റും സംവിധായകന്‍ പരീക്ഷിച്ചിട്ടുണ്ട്. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. തിയേറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് ആട് 3 ഇനിയും മുന്നേറുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Aadu 3 collected more than 18 crores in box office

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more