മലയാള സിനിമ ആഘോഷമാക്കിയ വർഷമായിരുന്നു 2026. തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ഒരുപോലെ വലിയ ചർച്ചകൾക്ക് വഴിവെച്ച നിരവധി ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്.
മോഹിനിയാട്ടം, വാഴ 2, പേട്രിയറ്റ്, ചത്തപച്ച , ആട് 3 തുടങ്ങി പല ചിത്രങ്ങളും റിലീസിന് പിന്നാലെ പ്രേക്ഷകശ്രദ്ധ നേടി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ് തിയേറ്ററിൽ മികച്ച പ്രകടനം നടത്തിയ ആട് 3 ഒ.ടി.ടിയിൽ എത്തിയപ്പോൾ എന്തുകൊണ്ട് വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാനായില്ല എന്നത്.
ആട്3, Photo: X.com
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ആരാധകർക്ക് ആഘോഷിക്കാനുള്ള നിരവധി കോമഡി മുഹൂർത്തങ്ങളും പഴയ കഥാപാത്രങ്ങളുടെ തിരിച്ചുവരവും ചിത്രത്തിന് വലിയ ഹൈപ്പ് ഉണ്ടാക്കി. എന്നാൽ ഒ.ടി.ടി റിലീസിന് ശേഷം സിനിമയെ കുറിച്ചുള്ള ചർച്ചകൾ വളരെ കുറവാണെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം.
അതേസമയം സവിൻ സ സംവിധാനം ചെയ്ത വാഴ 2വും സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായ മോഹിനിയാട്ടവും ഒ.ടി.ടിയിൽ എത്തിയ ശേഷവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
സിനിമകളിലെ സീനുകൾ, ഡയലോഗുകൾ, കഥാപാത്രങ്ങൾ എന്നിവയെ ചുറ്റിപ്പറ്റി നിരവധി പോസ്റ്റുകളും റീലുകളും ട്രോളുകളും ഇപ്പോഴും വൈറലാകുന്നുണ്ട്.
മോഹിനിയാട്ടം, Photo: IMDb
‘പടം നന്നായി വെറുപ്പിച്ചെങ്കിലും മോശം പറയാൻ പോലും ആരും ആ സിനിമയെ കുറിച്ച് എഴുതുന്നില്ല’ എന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചില പ്രേക്ഷകർ പറയുന്നത്, ആട് 3 പോലുള്ള ചിത്രങ്ങൾ തിയേറ്റർ എക്സ്പീരിയൻസിനാണ് കൂടുതൽ അനുയോജ്യമെന്നാണ്. വലിയ സ്ക്രീനിൽ കൂട്ടത്തോടെ ഇരുന്ന് കാണുമ്പോൾ വർക്ക് ആയ പല കോമഡി സീനുകളും വീട്ടിലിരുന്ന് ഒറ്റയ്ക്ക് കാണുമ്പോൾ അത്രത്തോളം എഫക്ട് ഉണ്ടാക്കിയില്ലെന്നാണ് അഭിപ്രായങ്ങൾ.
‘തിയേറ്ററിൽ എല്ലാ ടെൻഷനും മാറ്റിവെച്ച് സിനിമയിൽ മുഴുകി കാണുന്നതും, വീട്ടിൽ ഫോൺ നോക്കിക്കൊണ്ട് ഒ.ടി.ടിയിൽ കാണുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്’ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
ആട്3, Photo: X.com
അതുകൊണ്ടുതന്നെ ചില സിനിമകൾ തിയേറ്ററിൽ വൻ വിജയമാകുമ്പോഴും ഒ.ടി.ടിയിൽ അതേ തരത്തിലുള്ള ആഘാതം സൃഷ്ടിക്കാതെ പോകുന്നത് സ്വാഭാവികമാണെന്നും സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോൾ മോഹിനിയാട്ടവും വാഴ 2വും ഒ.ടി.ടിയിൽ നേടിയ ചർച്ചകളെ അപേക്ഷിച്ച് ആട് 3 നിശബ്ദമായി കടന്നുപോയി എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രധാന സംസാര വിഷയം.
Content Highlight: Aadu 3 became a topic of discussion after its OTT release