| Sunday, 16th February 2025, 10:30 pm

ആധാര്‍കാര്‍ഡ് ഹാജരാക്കിയില്ല; ഹൈദരാബാദില്‍ യുവതിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ അസുഖം ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിയ സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഇന്ന് (ഞായറാഴ്ച)യാണ് സംഭവം.

ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്. മഹ്ബൂബ്‌നഗറിലെ പ്രമീളയ്ക്കാണ് ചികിത്സ നിഷേധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളോടൊപ്പം ആശുപത്രിയിലെത്തിയെന്നും എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്നും യുവതി പരാതിപ്പെട്ടു.

ആറ് മാസം മുമ്പ് ഭര്‍ത്താവ് രോഗം ബാധിച്ച് മരിച്ചുവെന്നും പിന്നാലെ താന്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അതിനിടെയാണ് ഇത്തരത്തിലുള്ള വിവേചനമെന്നും യുവതി പറഞ്ഞു.

തങ്ങള്‍ക്ക് വീടില്ലെന്നും ചെറിയ തൊഴിലുകളെടുത്തും ഭിക്ഷയെടുത്തുമാണ് ജീവിക്കുന്നതെന്നും യുവതി പറഞ്ഞു.

അതേസമയം യുവതിക്ക് ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. യുവതിയെ മറ്റാരോ ആണ് ആശുപത്രിയിലെത്തിച്ചതെന്നും ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ കൂടെ വന്ന വ്യക്തി ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡ് ഇല്ലാതിരുന്നതുകൊണ്ട് മാത്രം ഒസ്മാനിയ ആശുപത്രി ആ സ്ത്രീക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും സ്ത്രീ ആരോഗ്യവതിയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ വിഷയത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഇടപെട്ടതായും ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Aadhaar card not produced; A hospital denied treatment to a young woman in Hyderabad

We use cookies to give you the best possible experience. Learn more