| Monday, 29th December 2025, 12:15 pm

നിങ്ങളുടെ കൂട്ടത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന പലരുമുണ്ടല്ലോ? അവരെയാരെയും ഇരകള്‍ക്കൊപ്പം കണ്ടില്ല; 'ഇംഗ്ലീഷ്' ട്രോളുകളില്‍ എ.എ. റഹീം

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരായ ‘ഇംഗ്ലീഷ്’ പ്രതികരണത്തില്‍ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീം.

തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും പക്ഷെ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയെ ഉള്ളുവെന്നും എ.എ. റഹീം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.പിയുടെ പ്രതികരണം.

ഭരണകൂടഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ തേടിയാണ് കര്‍ണാടകയിലേക്ക് പോയതെന്നും ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് അവിടെ കണ്ടതെന്നും എ.എ. റഹീം പറഞ്ഞു.

‘തികഞ്ഞ അഭിമാനമേ ഉളളൂ. അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും,’ എ.എ. റഹീം എഴുതി.

ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തന്റെ ഭാഷയിലേക്ക് സൂക്ഷിച്ച് നോക്കുമ്പോള്‍ സാധുക്കളായ കുറേ ഇന്ത്യക്കാരെ കാണാതെ പോകരുതെന്നും നിര്‍ദേശമുണ്ട്. തന്നെ ട്രോളുന്ന തിരക്കില്‍ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും എ.എ. റഹീം പറഞ്ഞു.

ഇനിയും ശബ്ദമില്ലാത്തവരെ തേടിപോകുമെന്നും ഒറ്റപ്പെട്ട് പോയവരെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവിലെ ഫക്കീര്‍ കോളനിയിലെയും വസിം ലേഔട്ടിലേയും 300ലധികം വീടുകളാണ് കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി.ബി.എ)യുടേതായിരുന്നു നടപടി.

ഇതോടെ 2500ലധികം ആളുകള്‍ ഭവനരഹിതരായി. ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് വീടുകള്‍ പൊളിച്ചത്.

സംഭവം പുറത്തുവന്നതോടെ സി.പി.ഐ.എം കര്‍ണാടക ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘമാണ് ആദ്യമായി പ്രശ്നബാധിത മേഖല സന്ദര്‍ശിച്ചത് . പിന്നാലെ എ.എ. റഹീം അടക്കമുള്ള നേതാക്കളും സ്ഥലം സന്ദര്‍ശിച്ച് ദുരിതബാധിതര്‍ക്ക് സഹായം ഉറപ്പ് നല്‍കിയിരുന്നു.

Content Highlight: AA Rahim responds to those mocking his ‘English’ response to Karnataka’s bulldozer raj

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more