| Wednesday, 14th April 2021, 4:08 pm

കക്കൂസ് മുറിയില്‍ സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്‌ലാമിനെ പരിചയാക്കും; ലീഗിനും ഷാജിയ്ക്കുമെതിരെ എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എം ഷാജിയെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. ഏത് അഴിമതി നടത്തിയാലും ഇസ്‌ലാമിനെ പരിചയാക്കി രക്ഷപ്പെടാന്‍ ലീഗ് നേതാക്കള്‍ക്ക് മടിയില്ലെന്ന് റഹീം ആരോപിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു റഹീമിന്റെ വിമര്‍ശനം. ‘ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇസ്‌ലാം എന്നത് വിശ്വാസമല്ല, എല്ലാ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറ മാത്രമാണ്.

തൊണ്ടി സഹിതം പിടിയിലായി,’മൂക്കറ്റം മുങ്ങിയാലും’ മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കള്‍ക്കുമെന്നും റഹീം പറഞ്ഞു.

കക്കൂസ് മുറിയില് സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്‌ലാമിനെ പരിചയാക്കും. ലീഗിലെ ഒരു വിഭാഗം നേതാക്കള്ക്കും ഇസ്ലാം എന്നത് വിശ്വാസമല്ലെന്നും മാഫിയാ പ്രവര്ത്തനങ്ങള്ക്കുമുള്ള മറ മാത്രമാണെന്നും എ. എ റഹീം പറഞ്ഞു.

നേരത്തെ ഷാജിയെ ഇടതുപക്ഷം വേട്ടയാടുകയാണെന്നും റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിച്ച് മുസ് ലിം ലീഗ് നേതാക്കള് രംഗത്തെത്തിയിരുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഷാജിയ്ക്ക് മുസ് ലിം ലീഗിന്റെ പൂര്ണ്ണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള് കൂടി പരാമര്ശിച്ചുകൊണ്ടാണ് റഹീമിന്റെ വിമര്ശനം. കഴിഞ്ഞ ദിവസമാണ് കെ.എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോടിലെയും വീടുകളില് റെയ്ഡ് നടന്നത്.

അരക്കോടിയോളം രൂപ കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില് നിന്ന് വിജലന്സ് പിടികൂടിയിരുന്നു. കെ.എം ഷാജിയുടെ വീട്ടില് തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലന്സിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്.

ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര് ഹരീഷ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിക്കെതിരെ വിജിലന്സ് കേസ് എടുത്തിരുന്നത്. കെ.എം ഷാജി വരവിനേക്കാള് 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്സ് നേരത്തെ കണ്ടെത്തിയിരുന്നു. 2011 മുതല് 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്ധനവ്.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം,

കക്കൂസ് വെള്ളത്തില്‍ കഴുത്തോളം മുങ്ങിയാലും..
ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ് ചേര്‍ത്ത് ഒട്ടിച്ചനിലയില്‍ പത്ത് ലക്ഷം. പഴയ ടിവിയുടെ അകത്ത് ഇരുപത് ലക്ഷം. ശുചിമുറിയിലെ ഫ്‌ലെഷ് ടാങ്കില്‍ നിന്ന് പതിനാല് ലക്ഷം. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കള്ളപ്പണം കണ്ടെത്തിയ സ്ഥലങ്ങളാണ് മുകളില്‍ പറഞ്ഞത്.

പിടിയിലായ ഷാജി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍, ‘പരിശുദ്ധ റമദാന്‍ മാസത്തിന്റെ തലേന്നാള്‍ പിണറായി പോലീസിനെ പറഞ്ഞുവിട്ടു’ എന്ന് ആരോപിച്ചത് ശ്രദ്ധയില്‍പ്പെട്ടു.

തെരഞ്ഞെടുപ്പില്‍,വോട്ടിന് മത്രമല്ല,കക്കൂസ് മുറിയില്‍ സൂക്ഷിച്ച കള്ളപ്പണം കയ്യോടെ പിടിച്ചാലും ഷാജി ഇസ്ലാമിനെ പരിചയാക്കും. ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇസ്ലാം എന്നത് വിശ്വാസമല്ല,എല്ലാ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മറ മാത്രമാണ്. തൊണ്ടി സഹിതം പിടിയിലായി,’മൂക്കറ്റം മുങ്ങിയാലും’ മതം പറഞ്ഞു രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് ഷാജിക്കും അഴിമതിക്കാരായ സകല ലീഗ് നേതാക്കള്‍ക്കും.

പള്ളിമുറ്റത്ത് നിന്നും ഖത്‌വയിലെ പെണ്‍കിടാവിനു വേണ്ടി പിരിച്ച പണത്തിന്റെ കണക്ക് ഇതുവരെ ഒരു നേതാവും പറഞ്ഞിട്ടില്ല. കലാപം വന്നാലും ദുരന്തങ്ങള്‍ ഉണ്ടായാലും ‘അല്‍ഹംദുലില്ലാ’ലീഗിന് ജോറാണ്.പള്ളിമുറ്റത്ത് ബക്കറ്റ് കാണിക്കാം,നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും കോടികള്‍ പിരിക്കാം.പിരിച്ചകാശ് കൊണ്ട് സ്വര്‍ഗീയമായി ജീവിക്കാം.കണക്ക് ചോദിച്ചു ആരെങ്കിലും വന്നാല്‍ ഇസ്‌ലാമിനെ പരിചയായി പിടിക്കാം.

സിമന്റും കമ്പിയുമില്ലാതെ പാലം പണിത ഇബ്രാഹിം കുഞ്ഞിന് ലീഗിലെ സ്ഥാനങ്ങളില്‍ ഒരു വിള്ളലും ഉണ്ടായില്ല.കുംഭകോണം നടത്തി പണിത പാലം അറബിക്കടലില്‍ കിടക്കുന്നു,പുതിയ പാലത്തിലൂടെ കുഞ്ഞിന്റെ ബെന്‍സ് ഇപ്പോഴും പണക്കാട്ടേയ്ക്ക് പാര്‍ട്ടിയോഗങ്ങള്‍ക്കായി തേരാപ്പാരാ പായുന്നു.പിന്നെയല്ലേ അരക്കോടി കക്കൂസ് മുറിയില്‍ ഒളിപ്പിച്ച ഷാജി!

ഇസ്‌ലാമിനെ മറയാക്കി കൊള്ളനടത്തുന്നവരെ നാട് തിരിച്ചറിയണം.മതം ഉപയോഗിച്ചു നാടിനെ വിഭജിക്കാനും,അതിന്റെ മറവില്‍ കൊള്ളനടത്താനും മതനിരപേക്ഷ,പുരോഗമന കേരളം അനുവദിക്കരുത്.

ഒറ്റപ്പെടുത്തണം. മുസ്‌ലീം ലീഗില്‍ ഇപ്പോഴും നല്ല മനസ്സുകള്‍ അവശേഷിക്കുന്നുവെങ്കില്‍,അധോലോക ഇടപാടുകള്‍ക്ക് ഇനിയും കുടപിടിക്കണമോ എന്ന് ആത്മ പരിശോധന നടത്തണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; AA Rahim against Muslim League and KM Shaji

Latest Stories

We use cookies to give you the best possible experience. Learn more