| Sunday, 2nd June 2019, 2:40 pm

ഡീന്‍കുര്യാക്കോസിന്റെ വിജയം മനുഷ്യക്കുരുതിയിലൂടെ കോണ്‍ഗ്രസ് ആഘോഷിക്കുകയായിരുന്നോ; ശെല്‍വരാജിന്റെ കൊലപാതകത്തില്‍ എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് വിജയം മനുഷ്യക്കുരുതിയിലൂടെ ആഘോഷിക്കുകയായിരുന്നോയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സി.പി.ഐ.എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇടുക്കി എംപിക്കും യൂത്ത് കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.

ഡീന്‍കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ക്രിമിനലുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകന്‍ സെല്‍വരാജിന്റെ കൊലപാതകത്തിന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കേരളത്തോട് മറുപടി പറയണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അക്രമം നടത്തുകയും ചെയ്യുകയാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിനോട് അക്രമ രാഷ്ട്രീയം പാടില്ല എന്ന് പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുമോയെന്നും പത്രക്കുറിപ്പില്‍ ചോദിച്ചു.

വിജയ ലഹരിയില്‍ കേരളത്തില്‍ വ്യാപകമായി കോണ്‍ഗ്രസ്സ് അക്രമം അഴിച്ചുവിട്ടിരുന്നു. പാലക്കാട് എം.ബി രാജേഷിന്റെ വീടിനു നേര്‍ക്ക് അക്രമം നടത്തി, മാതാപിതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊലക്കത്തി താഴെവയ്ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകന്‍ ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മറുപടി പറയണമെന്നും എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.

സി.പി.ഐ.എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍, പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോണ്‍ഗ്രസും ഇടുക്കിയില്‍ നിന്ന് ജനവിധി നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവും ഈ രാഷ്ട്രീയ കൊലപാതകത്തെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും കോടിയേരി ചോദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more