| Thursday, 22nd January 2026, 3:06 pm

എല്‍.ഡി.എഫിന്റെ നയങ്ങള്‍ക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാര്‍: സണ്ണി എം. കപിക്കാട്

യെലന കെ.വി

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തന്നോട് നേതൃത്വം ആവശ്യപ്പെട്ടതായി ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ സണ്ണി എം. കപിക്കാട്.

യു.ഡി.എഫ് നേതൃത്വം താനുമായി ആശയവിനിമയം നടത്തിയതായി സണ്ണി എം. കപിക്കാട് സ്ഥിരീകരിച്ചു. രണ്ട് ഘട്ട ചർച്ചകൾ നടന്നതായാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എൽ.ഡി.എഫിന്റെ നയങ്ങൾക്കെതിരെ പോരാടുന്നത് തന്റെ രാഷ്ട്രീയ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ ദളിത് വിഭാഗത്തിനെതിരായി പല തെറ്റായ നയങ്ങളും സ്വീകരിക്കുന്നുണ്ടെന്നും എൽ.ഡി.എഫിനെതിരെ പൊരുതാനുള്ള ഒരേയൊരു വഴി യു.ഡി.എഫാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിൽ അംബേദ്‌കർ രാഷ്ട്രീയമാണ് താൻ പിന്തുടരുന്നത്. യു.ഡി.എഫിനോട് സഹകരിക്കുന്നതിലൂടെ തന്റെ നിലപാട് കൈയൊഴിയേണ്ടി വരില്ലെന്നും പൊതു കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.

സണ്ണിയുടെ സ്‌ഥാനാർത്ഥിതവുമായി ബന്ധപ്പെട്ട വാർത്ത വന്നതോടെ വിവിധ ദളിത്-ആദിവാസി സംഘടനകൾ അനുകൂല പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദളിത് എഴുത്തുകാരനായ കെ.കെ. ബാബുരാജ് ഉൾപ്പെടെയുള്ളവർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.

1991-ന് ശേഷം യു.ഡി.എഫ് വിജയിക്കാത്ത മണ്ഡലമാണ് വൈക്കം. സി.പി.ഐയുടെ സി.കെ. ആശയാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും വലിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഇവിടെ വിജയിച്ചത്. മണ്ഡലത്തിലെ വോട്ടർ കൂടിയായ സണ്ണി എം. കപിക്കാടിന് വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വീക്ഷണം.

സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായി ചേർത്തതിന് പിന്നാലെ സണ്ണിയെക്കൂടി ഒപ്പം കൂട്ടുന്നത് സംസ്ഥാനത്തെ ദളിത്-ആദിവാസി വോട്ടുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

content highlight:  Dalit thinker Sunny M. Kapikad to challenge LDF hold in Vaikom

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more