| Friday, 2nd January 2026, 10:53 am

വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങളെ തള്ളി സി.പി.എം; വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നില്ലെന്ന് എം.വി. ഗോവിന്ദന്‍

നിഷാന. വി.വി

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പ്രസ്താവനകളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ സാമുദായിക പ്രസ്ഥാനങ്ങളിലെ പ്രമുഖ നേതാവാണെന്നും ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും അദ്ദേഹം മതനിരപേക്ഷമായ നിലപാടുകളാണ് സ്വീകരിക്കാറുള്ളതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിവാദ പ്രസ്താവനകളെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘വെള്ളാപ്പള്ളി നടേശന്‍ എന്ന് പറയുന്നത് കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണ്. അദ്ദേഹം മതനിരപേക്ഷത ഉള്‍പ്പെടെയുള്ള ജനാധിപത്യ നിലപാടുകളോട് പലപ്പോഴും അല്ലെങ്കില്‍ മഹാ ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരാളാണ്. ആ പ്രതികരണത്തെ പൂര്‍ണമായി പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവനയെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അതാണ് ഞങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ അംഗീകരിക്കും. അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വരുമ്പോള്‍ ഞങ്ങള്‍ അംഗീകരിക്കില്ല,’ അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് സ്‌കൂള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി.ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചില്ല എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരും വെള്ളാപ്പളളിയും ചേര്‍ന്ന് കൈകാര്യം ചെയ്യട്ടെയെന്നും പാര്‍ട്ടി അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ മലപ്പുറത്തിനെതിരായ പരാമര്‍ശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ല. മലപ്പുറം എന്ന ജില്ല രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുസ്‌ലിം വിരുദ്ധത പാര്‍ട്ടിയുടെ നിലപാടല്ലെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്് പ്രതികരിച്ചു.

‘മലപ്പുറം എന്ന് പറയുന്ന ഒരു ജില്ല രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സിപിഐ എം. ആ മലപ്പുത്തിനെതിരെ പറയേണ്ട ഒരു കാര്യമില്ല പറഞ്ഞാല്‍ ആരും അംഗീകരിക്കില്ല അത്ര തന്നെ,’ അദ്ദേഹം പ്രതികരിച്ചു.

ഒരാള്‍ ഒരു കാര്യം പറയുമ്പോഴേക്കും അയാള്‍ വര്‍ഗീയ വാദിയാവില്ലെന്നും തങ്ങള്‍ അദ്ദേഹത്തെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പളളി നിലപാട് തിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘മുസ്‌ലിം വിരുദ്ധ നിലപാട് ഞങ്ങള്‍ അംഗീകരിക്കുന്ന നിലപാടല്ല. വര്‍ഗീയതയ്‌ക്കെതിരായി ഉറച്ച നിലപാടാണ് ഞങ്ങളുടേത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. അത് പറയുന്നവരോടുള്ള ഞങ്ങളുടെ നിലപാടും വ്യക്തമാണ്. ഞങ്ങളുടെ നിലപാടിനോട് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ അംഗീകരിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Vellappally is not a communalist; I don’t feel obligated: M.V. Govindan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more