ചെന്നൈ: തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുകൊന്നു. ചെങ്കല്‍പ്പട്ടിനടുത്തുള്ള നല്ലൂര്‍ പഞ്ചായത്തിലെ 26കാരനായ മണിമാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികളാണ് മണിമാരനെ കൊലപ്പെടുത്തിയത്. റെഡ് ഹില്‍സിനടുത്തുള്ള കമ്പനി പരിസരത്ത് ആക്രി പെറുക്കാനെത്തിയപ്പോഴാണ് മണിമാരന്‍ കൊല്ലപ്പെട്ടത്.
മണിമാരന്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് തൊഴിലാളികള്‍ ഇയാളെ പിടികൂടി ഇരുമ്പ് തൂണില്‍ കെട്ടിയിട്ടത്. മാത്രമല്ല തൊഴിലാളികള്‍ ഇരുമ്പ് വടികൊണ്ട് മണിമാരനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാല്‍ മരണപ്പെട്ടതോടെ മൃതദേഹം അടുത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ കമ്പനിയുടമ ഖലീല്‍ ഉല്‍ റഹ്‌മാന്‍, തൊഴിലാളി സയ്യിദ് ഫാറൂഖ് എന്നിവരെ റെഡ് ഹില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റത്തിനാണ് കേസെടുത്തത്.
മൃതദേഹം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് മണിമാരന്റെ മൃതദേഹം വീട്ടുകാര്‍ കണ്ടെടുത്തത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്പനിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
മണിമാരന്‍ പത്ത് ദിവസം മുമ്പ് കമ്പനിയില്‍ മോഷണം നടത്തിയെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ യുവാവ് വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും പിടിക്കപ്പെടുകയും തൊഴിലാളികള്‍ കമ്പനിക്ക് പുറത്തുള്ള തൂണില്‍ ഇയാളെ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.
മര്‍ദനത്തില്‍ മണിമാരന്‍ സംഭവസ്ഥലത്ത് നിന്ന് തന്നെ മരിക്കുകയായിരുന്നു. ഇതോടെ അന്നേ ദിവസം രാത്രി തന്നെ തൊഴിലാളികള്‍ അയാളുടെ മൃതദേഹം അടുത്തുള്ള കനാലില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: A young man was tied up, beaten to death on suspicion of theft