| Friday, 10th October 2025, 8:06 pm

'നാല് വയസുമുതല്‍ ലൈംഗികമായി പീഡിപ്പിക്കുന്നു'; ആര്‍.എസ്.എസുകാര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമ്പാനൂർ: ആര്‍.എസ്.എസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം വഞ്ചിമല സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്നലെ (വ്യാഴം) യുവാവിനെ തമ്പാനൂരിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോഡ്ജിലെ ജീവനക്കാരാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്‍.എസ്.എസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ അടങ്ങിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടെത്തിയത്. ഷെഡ്യൂള്‍ ചെയ്ത് വെച്ച നിലയിലായിരുന്നു പോസ്റ്റ്.

നാല് വയസ് മുതല്‍ ആര്‍.എസ്.എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. പല സമയത്തും പാനിക്ക് അറ്റാക്ക് ഉണ്ടായിട്ടുണ്ട്. മരിച്ചുപോകുന്ന അവസ്ഥയാണ് അത്. കഴിഞ്ഞ 15 വര്‍ഷമായി തെറാപ്പി എടുക്കുന്നുണ്ടെന്നും യുവാവ് പറയുന്നു.

പല തവണ ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ആര്‍.എസ്.എസ് ക്യാമ്പില്‍ വെച്ചാണ് താന്‍ ഈ അതിക്രമങ്ങളെല്ലാം നേരിട്ടതെന്നും യുവാവ് പറയുന്നു.

നിരവധി ആളുകള്‍ ഇത്തരത്തിൽ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ആരോപണമുണ്ട്. വീടിന് സമീപത്തുള്ള വ്യക്തിയാണ് തന്നെ അക്രമിച്ചിരുന്നതെന്നും യുവാവ് പറയുന്നുണ്ട്.

‘എനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടന വേറെയില്ല. ഞാന്‍ അതില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചതുകൊണ്ട് അറിയാം. ലൈഫില്‍ ഒരിക്കലും ഒരു ആര്‍.എസ്.എസുകാരനെ സുഹൃത്താക്കരുത്. ആര്‍.എസ്.എസുകാരായ അച്ഛനോ സഹോദരനോ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവരെയും നിങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണം,’ കുറിപ്പിലെ വാക്കുകള്‍.

തന്റെ അമ്മയോടും സഹോദരിയോടും മാപ്പ് പറഞ്ഞുകൊണ്ടാണ് യുവാവ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നിലവില്‍ യുവാവിന്റെ ആത്മഹത്യയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlight: A young man committed suicide after writing a note against RSS members

We use cookies to give you the best possible experience. Learn more