| Thursday, 2nd October 2025, 4:13 pm

ഒന്നാന്തരം വ്യാജന്‍; കേരള സംസ്ഥാന ഭാഗ്യക്കുറി അടിച്ചെന്ന പേരില്‍ വില്‍പ്പനക്കാരനില്‍ നിന്നും 14700 രൂപ തട്ടി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് വച്ച് കച്ചവടക്കാരനിൽ നിന്നും 14700 രൂപ തട്ടിയതായി പരാതി. തൃശൂർ കാട്ടൂർ പെരിഞ്ഞനം സ്വദേശി നെല്ലിപ്പറമ്പിൽ തേജസാണ് തട്ടിപ്പിനിരയായത്.

കഴിഞ്ഞ 27ന് കാട്ടൂർ ഹൈസ്കൂളിനടുത്തുള്ള തന്റെ സ്റ്റാളിൽ ബൈക്കിലെത്തിയ യുവാവ് സെപ്തംബർ 21ൽ നറുക്കെടുപ്പ് നടന്ന സമൃദ്ധിയുടെ ആറ് ടിക്കറ്റുകൾ കയ്യിലുണ്ടെന്നും സമ്മാനം അടിച്ചോയെന്ന് നോക്കണമെന്നും ആവശ്യപ്പെട്ടെന്ന് തേജസ് പറഞ്ഞു.

ടിക്കറ്റ് സ്കാൻ ചെയ്ത് നോക്കിയപ്പോൾ ഓരോ ടിക്കറ്റിനും 5000 രൂപ വീതം അടിച്ചിട്ടുണ്ടെന്നും തന്റെ പക്കല്‍ കൂടുതല്‍ പണം ഇല്ലാത്തതിനാല്‍ മൂന്നു ടിക്കറ്റിന്‍റെ പണം നല്‍കിയെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. അതിൽ ഏജന്‍റ് കമ്മീഷന്‍ കഴിച്ചുള്ള 14700 രൂപയാണ് താൻ നല്‍കിയതെന്നും തേജസ് പറഞ്ഞു.

ഈ ടിക്കറ്റുകളുമായി തൃശൂരിലെ ഏജന്‍സിയിലെത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരം മനസിലാക്കുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ പക്കലുള്ള ടിക്കറ്റ് വ്യാജമാണെന്നും കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്നും വ്യക്തമായെന്നും തേജസ് പറഞ്ഞു.. തേജസിന്റെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തട്ടിപ്പ് നടത്തിയ യുവാവെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

Content Highlight: A young man cheated a seller of Rs. 14,700 on the pretext of winning the Kerala state lottery

We use cookies to give you the best possible experience. Learn more