കോന്നി: പത്തനംതിട്ട പയ്യനാമണ്‍ പാറമടയിലുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. പൊലീസും ഫയര്‍ ഫോഴ്സും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ഹിറ്റാച്ചിക്ക് മുകളില്‍ പാറ വീണാണ് പയ്യനാമണ്ണിൽ അപകടം ഉണ്ടായത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്ന് (തിങ്കൾ) ഉച്ചയോടെയാണ് സംഭവം നടന്നത്.
ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവർ ഷിഫ്റ്റ് അനുസരിച്ച് ജോലിക്ക് കയറിയവരായിരുന്നു.
നിലവില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നതായാണ് വിവരം.
ഇടയ്ക്കിടെ പാറക്കല്ലുകള്‍ അടര്‍ന്നുവീഴുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എന്‍.ഡി.ആര്‍.എഫ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
അതേസമയം ജൂൺ 30ന് പാറമടയിലെ ക്രഷറിന്റെ ലൈസൻസ് അവസാനിച്ചതാണെന്ന് റിപ്പോർട്ടുകളുണ്ട്. പാറമടക്കെതിരെ നിരവധി പരാതികളും ഇതിനുമുമ്പ് ഉയർന്നിരുന്നു.
Content Highlight: A worker dies tragically in a rock quarry accident in Konni