| Friday, 24th January 2025, 12:22 pm

വീണ്ടും ജീവനെടുത്ത് വന്യജീവി; മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപത്താണ് കടുവ ആക്രമണം ഉണ്ടായത്. രാധ എന്ന സ്ത്രീ ആണ് മരണപ്പെട്ടത്.

ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ പോയ രാധയെ കടുവ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. ​ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

കൊല്ലപ്പെട്ട രാധ സ്പോർട്സ് താരം മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ്.

അപകടത്തിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്നു. തുടർന്ന് കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് വന്നു . വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റേതാണ് നിര്‍ദേശം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊല്ലുമെന്ന് മന്ത്രി ഒ.ആര്‍. കേളു അറിയിച്ചു. വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും സ്ഥലത്തെത്തിക്കും.

മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.

വനത്തോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ ദ്രുതകര്‍മ സേനയെ വിന്യസിക്കും. ഏകോപനത്തിനായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപയെ ചുമതലപ്പെടുത്തി.

Content Highlight: A woman was killed by a tiger in Mananthavadi

We use cookies to give you the best possible experience. Learn more