| Friday, 19th September 2025, 3:33 pm

പറന്നുപോയ കണ്‍സെഷന്‍കാര്‍ഡും കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടറും; വൈറല്‍ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ.എസ്.ആര്‍.ടി.സി യാത്രക്കിടെയുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി.ബി ലാല്‍. തിരക്കേറിയ ബസില്‍ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കണ്‍സെഷന്‍ കാര്‍ഡ് പുറത്തേക്ക് പറന്നു പോവുകയും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളുമാണ് ലാല്‍ പങ്കുവെക്കുന്നത്.

ഓവര്‍ബ്രിഡ്ജിന്റെ പണി നടക്കുന്നതിനാല്‍ ഒറ്റവരിയിലായിരുന്നു ഗതാഗതമെന്നും ബെല്ലടിച്ചെങ്കിലും വണ്ടിനിറുത്താന്‍ ഇടമുണ്ടായിരുന്നില്ലെന്നും എങ്കിലും കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തിച്ചെന്നും കുറിപ്പില്‍ പറയുന്നു.

കുറച്ചധികം ദൂരെയായി കാറ്റില്‍പറന്നുപൊങ്ങി റോഡില്‍ വീണ കാര്‍ഡെടുക്കാന്‍ രണ്ട് പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയെന്നും അവര്‍ രണ്ടുപേരും മടങ്ങിയെത്തും വരെ ആ ബസ് അവരെ കാത്ത് ഒരേ കിടപ്പുകിടന്നെന്നും ടി.ബി ലാല്‍ പറയുന്നു.

ബസില്‍ ധൃതിയില്‍ വീട്ടിലെത്തേണ്ട സ്ത്രീകളും കൈക്കുഞ്ഞുങ്ങളെ മടിയില്‍ വെച്ച അമ്മമാരും വയോധികരും കുട്ടികളും എല്ലാമുണ്ടായിരുന്നെന്നും എന്നിട്ടും ആ പെണ്‍കുട്ടികള്‍ മടങ്ങിയെത്തുന്നതുവരെ ആരും കയര്‍ത്തില്ലെന്നും മുഷിഞ്ഞൊരു വാക്കുപോലും പറഞ്ഞില്ലെന്നും കുറിപ്പില്‍ പറയുന്നു.

വെഞ്ഞാറമൂട് ഡിപ്പോയിലെ ജീവനക്കാരനായ രാജേഷായിരുന്നു ബസ് നിര്‍ത്തിച്ച ആ കണ്ടക്ടറെന്നും അദ്ദേഹത്തോട് ഇതേ കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞ മറുപടിയില്‍ വലിയൊരു സന്ദേശം അടങ്ങിയിരുന്നെന്നും ലാല്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആര്‍ടിസിയില്‍ ബസ്സില്‍ പാറ്റൂരില്‍ നിന്ന് പോത്തന്‍കോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ്. കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികള്‍ കയറി. ഏറെയും പെണ്‍കുട്ടികള്‍.

തിരക്കായി. മധ്യഭാഗത്തുനിന്നും ഞാനിരുന്ന സീറ്റിന് മുന്നിലൂടെ എന്തോ പുറത്തേക്കു പറന്നുപോകുന്നതു കണ്ടു. ‘അയ്യോ പോയല്ലോ..’ എന്നൊരു കുട്ടി കരച്ചിലിന്റെ വക്കില്‍ നിന്നു പറയുന്നു.

അവള്‍ നീട്ടിയ ബസ് കണ്‍സഷന്‍ കാര്‍ഡ് കണ്ടക്ടര്‍ പിടിക്കും മുന്‍പേ കാറ്റില്‍ പുറത്തേക്കു പറന്നു പോവുകയായിരുന്നു. എല്ലാ മുഖങ്ങളും ഒരുപോലെ ബസ്സിനു പുറത്തേക്കു കണ്ണു പായിച്ചു. കുറച്ചുദൂരം കൂടി ബസ് മുന്നോട്ടു പോയി.

ഓവര്‍ബ്രിഡ്ജിന്റെ പണി നടക്കുന്നതിനാല്‍ ഒറ്റവരിയിലാണ് ഗതാഗതം. ബെല്ലടിച്ചെങ്കിലും വണ്ടിനിറുത്താന്‍ ഇടമില്ല. എങ്കിലും കണ്ടക്ടര്‍ ബെല്ലടിച്ചു വണ്ടി നിര്‍ത്തിച്ചു. ബസ് ഓരമുണ്ടാക്കി നിന്നു. കാര്‍ഡു നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കൂടെ കൂട്ടുകാരിയും ഇറങ്ങി.

അരകിലോമീറ്റര്‍ അപ്പുറത്ത് കാറ്റില്‍ കാര്‍ഡ് ഒന്നു പൊങ്ങിപ്പറക്കുന്നതാണു കണ്ടത്. കുട്ടികള്‍ സംശയിച്ചും പരിഭ്രമിച്ചും അവിടെയത്തുമ്പോള്‍ കാര്‍ഡ് റോഡിനു നടുക്കുതന്നെയുണ്ട്. തിരക്കില്‍ ഒരു കടലാസുകഷണം. ഒരു വാഹനവും ശ്രദ്ധിക്കാന്‍ പോകുന്നില്ല. അവര്‍ റോഡിനു നടുവിലേക്ക് നീങ്ങി. ചുമലില്‍ ഭാരമുള്ള പുസ്തകസഞ്ചിയുണ്ട്. ഒരാള്‍ കൈയുയര്‍ത്തി വണ്ടികള്‍ തടഞ്ഞു. മറ്റെയാള്‍ കാര്‍ഡ് തിരികെയെടുത്തു.
അവര്‍ രണ്ടുപേരും രണ്ടാളും മടങ്ങിയെത്തുന്നവരെ ബസ് ഒരേ കിടപ്പു കിടന്നു. ഞാന്‍ ആ ബസിനുള്ളിലുള്ളവരെ മനുഷ്യരെ നോക്കി.

ധിറുതിയില്‍ വീടെത്തേണ്ട സ്ത്രീകളുണ്ട്. കൈക്കുഞ്ഞുങ്ങളെ മടിയില്‍ വച്ച അമ്മമാരുണ്ട്. വയോധികരുണ്ട്. മറ്റു കുട്ടികളുണ്ട്. ആറും ധിറുതി വയ്ക്കുന്നില്ല. പെണ്‍കുട്ടികള്‍ കാര്‍ഡുമായി മടങ്ങിയെത്തുന്ന ഏതാണ്ടു മിനിറ്റുനേരത്തിനിടയിലൊന്നും ‘നമുക്കു പോകാം, അവര്‍ അടുത്ത ബസ്സില്‍ കയറി വരട്ടെ’ എന്നാരും പറഞ്ഞില്ല, ആരും കയര്‍ത്തില്ല, ആരും മുഷിഞ്ഞില്ല. ബസു കാത്തുകിടക്കുന്നതു കണ്ട് കുട്ടികള്‍ ഓടിവന്ന് കയറി.

ഡബിള്‍ ബെല്ലു മുഴങ്ങി. ഒന്നും സംഭവിക്കാത്തതു പോലെ വണ്ടി നീങ്ങി. പോത്തന്‍കോടിനു മുന്‍പായുള്ള ഒരു സ്റ്റോപ്പില്‍ കാര്‍ഡു തിരിച്ചുകിട്ടിയ പെണ്‍കുട്ടി ഇറങ്ങി. അവളുടെ മുഖത്ത് ആശ്വാസവും സമാധാനവുമുണ്ട്.

ആ കണ്ടക്ടറുടെ പേരു ചോദിക്കണമെന്നു കരുതി. ഇറങ്ങാനുള്ള സ്റ്റോപ്പെത്തും മുന്‍പ് അരികിലേക്കു ചെന്നു. ‘രാജേഷ്.!’ അതാണ് പേര്.
ഇനി കണ്ടാലും തിരിച്ചറിയാന്‍ എളുപ്പമാണ്. കൊലുന്നനെയുള്ള, തല നിറയെ മുടിയുളള മനുഷ്യന്‍. വെഞ്ഞാറമൂട് ഡിപ്പോയിലെ ജീവനക്കാരനാണ്.

‘ആ കുട്ടികള്‍ക്ക് അത്ര നേരം ബസ്സു നിറുത്തിക്കൊടുത്തത് നന്നായി.’ ഞാന്‍ പറഞ്ഞു. അയാള്‍ സന്തോഷത്തോടെ നോക്കി. താനൊരു വലിയ മാതൃകയായെന്നോ സദ്പ്രവൃത്തി ചെയ്‌തെന്നോ ഉള്ള ഭാവമൊന്നുമില്ലാതെ രാജേഷ് പറഞ്ഞു,

‘അവരെ വഴിയില്‍ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മള്‍ വിചാരിച്ചാല്‍ അതിലൊരു കുഴപ്പമുണ്ട്. ആ കുട്ടികള്‍ക്ക് ഈ സമൂഹ സെറ്റപ്പിനോടൊക്കെ തീരെ വിശ്വാസമില്ലാതെ വരും. ഒരു പ്രശ്‌നത്തില്‍പ്പെട്ടാല്‍ കൂടെ നില്‍ക്കാന്‍ ആളും ആള്‍ക്കാരുമൊക്കെയുണ്ടെന്ന് അവര്‍ക്കു തോന്നണം. അതു ചെയ്യേണ്ടത് വലിയവരാണ്. അവരു കുട്ടികളാണ്.

വിശ്വാസം ഉണ്ടാക്കണം. പെണ്‍കുട്ടികളല്ല അവര് ആണ്‍കുട്ടികള് ആയിരുന്നാലും ഞാന്‍ വണ്ടി നിര്‍ത്തിക്കൊടുക്കുമായിരുന്നു.’ എത്ര വലിയ കരുതലും സന്ദേശവുമാണ് രാജേഷ് സിംപിളായി പറഞ്ഞത് !

Content Highlight: A Viral Social Media Post about a KSRTC Conductor

We use cookies to give you the best possible experience. Learn more