| Saturday, 3rd August 2019, 6:55 pm

'പത്ത് മണിക്കൂറിനുള്ളില്‍ സൊമാറ്റോക്ക് കുറഞ്ഞത് 60% കച്ചവടം'; ഇത് വസ്തുതയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ സെമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം യുവാവ് മടക്കിയയച്ച സംഭവം കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. സൊമാറ്റോക്കെതിരെ ഇയാള്‍ രംഗത്തെത്തുകയും ഇതിന് പിന്നാലെ യുവാവിന് സൊമാറ്റോ നല്‍കിയ മറുപടിയുമായിരുന്നു ചര്‍ച്ചയായത്. ഈ സംഭവത്തെ തുടര്‍ന്ന് ചിലര്‍ സൊമാറ്റോക്കെതിരെ ബഹിഷ്‌ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം ബഹിഷ്‌ക്കരണവാദികള്‍ പ്രചരിപ്പിച്ചത് ബഹിഷ്‌ക്കരണ ആഹ്വാനത്തിന് ശേഷം 10 മണിക്കൂറിനുള്ളില്‍ സൊമാറ്റോക്ക് കുറഞ്ഞത് 60% കച്ചവടം എന്നായിരുന്നു. ഇതിന് വേണ്ടി ഉപയോഗിച്ചത് ഒരു ഗ്രാഫിക്‌സ് ചിത്രം ആയിരുന്നു.

പത്ത് മണിക്കൂറിനുള്ളില്‍ സൊമാറ്റോക്ക് കുറഞ്ഞത് 60% കച്ചവടം. കുറച്ചുകൂടി കഠിനപ്രയത്‌നം നടത്തിയാല്‍ അത് 90% ആക്കാന്‍ പറ്റും എന്നായിരുന്നു ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്. 10000 ഷെയറും 9400 റിയാക്ഷനും ഉണ്ടായിരുന്നു ചിത്രത്തിന്.

എന്നാല്‍ ഈ ചിത്രവും ഈ വാദവും വ്യാജമാണ്. സൊമാറ്റോ ഒരു സ്വകാര്യ കമ്പനിയാണ്. മറ്റേതൊരു സ്വകാര്യ കമ്പനിയെ പോലെയും അത് അതിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത് വിടാറില്ല. ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചെലവ്-വരവ് കണക്കുകള്‍ സൊമാറ്റോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാത്രമല്ല ഒരു മാധ്യമങ്ങളും ഈ ദിവസങ്ങളില്‍ സൊമാറ്റോയുടെ സാമ്പത്തിക നഷ്ടത്തെ കുറിച്ച് റിപ്പോര്‍ട്ടുകളും നല്‍കിയിട്ടില്ല.

We use cookies to give you the best possible experience. Learn more