| Tuesday, 5th August 2025, 8:03 am

കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയുള്ള പ്രണയവിവാഹം നിരോധിച്ച് പഞ്ചാബിലെ ഗ്രാമങ്ങള്‍, പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഹാലി: കുടുംബത്തിന്റെയോ ജാതിയുടെയോ സമ്മതമില്ലാതെ നടത്തുന്ന പ്രണയവിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പഞ്ചാബിലെ മനക്പൂര്‍ ഗ്രാമം. പിന്നാലെ പഞ്ചായത്തിന്റെ ഈ നീക്കത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തു. ചണ്ഡിഗഡില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെയാണ് മനക്പൂര്‍ ഗ്രാമം.

പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിനെതിരെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും മനുഷ്യാവകാശ വക്താക്കളില്‍ നിന്നും വ്യാപകമായി വിമര്‍ശനം നേരിടുന്നുണ്ട്. കുടുംബങ്ങളുടെ അനുമതിയില്ലാതെ വിവാഹം നടത്തുന്ന ദമ്പതികള്‍ ഗ്രാമത്തിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കാന്‍ പാടില്ലെന്നാണ് പ്രമേയത്തിന്റെ പ്രധാനഭാഗം.

അവരെ പിന്തുണക്കാനോ അവര്‍ക്ക് അഭയം നല്‍കാനോ പാടില്ലെന്നും അങ്ങനെ ചെയ്യുന്ന ഗ്രാമവാസികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രമേയത്തില്‍ സൂചിപ്പിക്കുന്നു. ജൂലൈ 31നാണ് ഈ പ്രമേയം പഞ്ചായത്തില്‍ ഐക്യകണ്‌ഠേന പാസായത്. എന്നാല്‍ ഈ പ്രമേയം പാസായതിന് പിന്നാലെ വലിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

എന്നാല്‍ ഇത് ഒരു ശിക്ഷയല്ലെന്നും മറിച്ച് നമ്മുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കാനുള്ള പ്രതിരോധ നടപടിയാണെന്നും ഗ്രാമത്തിന്റെ സര്‍പഞ്ച് ദല്‍വീര്‍ സിങ് പറഞ്ഞു. 26 വയസുള്ള ദാവീന്ദര്‍ എന്നയാള്‍ 24 വയസുള്ള തന്റെ അനന്തരവളെ വിവാഹം ചെയ്തതാണ് ഇത്തരമൊരു പ്രമേയം കൊണ്ടുവരാന്‍ കാരണമെന്നും സര്‍പഞ്ച് പറഞ്ഞു.

‘വിവാഹത്തിന് ശേഷം ആ ദമ്പതികള്‍ ഈ ഗ്രാമം വിട്ടുപോയി. എന്നാല്‍ ഗ്രാമത്തിലെ മറ്റുള്ളവരെ ഇത് സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പ്രണയത്തിനോ പ്രണയ വിവാഹത്തിനോ ഞങ്ങള്‍ ഒരിക്കലും എതിരല്ല. പക്ഷേ, ഈ ഗ്രാമത്തില്‍ അത് ഞങ്ങള്‍ അനുവദിക്കുന്നില്ല,’ ദല്‍വീര്‍ സിങ് പറയുന്നു.

പ്രമേയം അനുസരിച്ച് അയല്‍ഗ്രാമങ്ങളും ഇത്തരം നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ നീക്കത്തെ താലിബാനി ആജ്ഞ എന്നാണ് പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ധരംവീര ഗാന്ധി വിശേഷിപ്പിച്ചത്. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്നും അവര്‍ക്കെതിരെയുള്ള ഇത്തരം മനോഭാവങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ നിയമവും ഭരണഘടനാ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചില്ലെന്നും മൊഹാലി പൊലീസ് സുപ്രണ്ട് മോഹിത് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങള്‍ കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: A Village in Punjab ban love marriage without the consent of Family and Communities

We use cookies to give you the best possible experience. Learn more